തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ 
യുഡിഎഫ്‌ ശ്രമം: ഡിവൈഎഫ്‌ഐ



  പാലക്കാട്‌ കൊലപാതകക്കേസ്‌ പ്രതികളും തട്ടിപ്പുവീരന്മാരും അടങ്ങിയ ക്രിമിനൽസംഘത്തെ ഉപയോഗിച്ച്‌ പാലക്കാട് ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് യുഡിഎഫ്‌ ശ്രമമെന്നും വോട്ടർമാർ ജാഗ്രത പാലിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹികൾ. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ കോഴിക്കോട്ട്‌ നടത്തിയ കൊലവിളി പ്രസംഗം കെ കരുണാകരനെയും മുരളീധരനെയും സ്നേഹിക്കുന്ന പാലക്കാട്ടുകാർക്കുകൂടിയുള്ള മുന്നറിയിപ്പാണ്‌. അതിന്റെ സൂചനയാണ്‌ യുഡിഎഫ്‌ സ്ഥാനാർഥിക്കായി പാലക്കാട്ട്‌ ക്യാമ്പ്‌ ചെയ്യുന്ന ക്രിമിനൽസംഘമെന്നും സംസ്ഥാന പ്രസിഡന്റ്‌ വി വസീഫും സെക്രട്ടറി വി കെ സനോജും വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫ്‌ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ്‌ ചുമതലകൾക്കായി പാലക്കാട്ട്‌ എത്തിച്ചത്‌ കൊലപാതകികളെയും തട്ടിപ്പുകാരെയുമാണ്‌. ധീരജ് വധക്കേസ് പ്രതി സോയിമോൻ, നിഖിൽ പൈലി എന്നിവർ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്. വ്യാജ ഐഡി കാർഡ് നിർമിച്ച കേസിൽ അറസ്റ്റിലായ ഫെനിയുടെ നേതൃത്വത്തിലുള്ളവരും ഇവിടെയുണ്ട്. സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചാൽ ഇല്ലാതാക്കുമെന്ന ഭീഷണികൂടിയാണ്‌ കെ സുധാകരൻ കോഴിക്കോട്ട്‌ നടത്തിയത്‌. പാലക്കാട്ടെ നന്മയുള്ള കോൺഗ്രസുകാർക്ക് ധൈര്യമായി ഡോ. പി സരിന് വോട്ട് ചെയ്യാം. വോട്ടുചെയ്യുന്നവർക്ക്‌ ഡിവൈഎഫ്ഐ സംരക്ഷണമൊരുക്കും. ഇടുക്കി എൻജിനിയറിങ് കോളേജിൽ നിഖിൽ പൈലിയും സംഘവും കൊലപ്പെടുത്തിയ ധീരജ്‌ കോൺഗ്രസ്‌ പ്രവർത്തകന്റെ മകനാണ്‌. കൊന്നിട്ടും പകതീരാതെ കൊലയാളികളെ സംരക്ഷിക്കുകയായിരുന്നു സുധാകരൻ. ഇനിയും ഞങ്ങളുടെ മകനെ കൊല്ലരുതെന്ന്‌ ധീരജിന്റെ അച്ഛനും അമ്മയ്‌ക്കും അപേക്ഷിക്കേണ്ടി വന്നു. ധീരജിന്റെ രക്ഷിതാക്കളുടെ വാക്കുകൾ മണ്ഡലത്തിലെ കോൺഗ്രസുകാർ തിരിച്ചറിയും. കൊലയാളികൾക്കും തട്ടിപ്പുവീരൻമാർക്കും സ്ഥാനമില്ലെന്ന്‌ പ്രഖ്യാപിക്കുന്ന തെരഞ്ഞെടുപ്പാകുമിതെന്നും ഇരുവരും പറഞ്ഞു. Read on deshabhimani.com

Related News