ഇരച്ചെത്തിയേക്കാം പാറക്കൂട്ടം

മംഗലംഡാം കടപ്പാറ മേമലക്കുന്നിൽ ഉരുൾപൊട്ടിയ പ്രദേശം


വടക്കഞ്ചേരി മാനം കറുത്താൽ മലയോര ജനതയ്‌ക്ക്‌ ഭീതിയാണ്. മംഗലം ഡാം, കിഴക്കഞ്ചേരി മലയോര മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾ ഉരുൾപൊട്ടുമോയെന്ന ആധിയോടെയാണ് കഴിയുന്നത്. മഴ കനത്താൽ ഇവിടെയുള്ളവർ കൂട്ടത്തോടെ ബന്ധുവീടുകളിലും മറ്റും അഭയം തേടുകയാണ് പതിവ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ഇവിടങ്ങളിൽ ഏഴിടത്താണ് ഉരുൾപൊട്ടിയത്. മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും വേറെ. ആളപായമില്ല എന്നതൊഴിച്ചാൽ കൃഷിയിടങ്ങളും വീടുകളും റോഡുകളുമെല്ലാം ഒലിച്ചുപോയി.  ഓടംതോട് പടങ്ങിട്ടതോട്, കടപ്പാറ മേരിമാതാ എസ്റ്റേറ്റ്, വട്ടപ്പാറ മുക്കാടൻ പ്ലാന്റേഷൻ, മേമല, നേർച്ചപ്പാറ, ചെള്ളിക്കയം, അത്തിച്ചോട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചെറുതും വലുതുമായ ഉരുൾപൊട്ടി. ജനവാസ മേഖലയിലായതിനാലാണ് ഇവയെല്ലാം അറിയുന്നത്. ഉൾവനത്തിലും നിരവധിയിടങ്ങളിൽ ഉരുൾപൊട്ടിയിട്ടുണ്ടെന്നാണ് വിവരം. പുഴകളിലേക്കും തോടുകളിലേക്കും അതിവേഗം കല്ലും മണ്ണും ഒഴുകിവരുമ്പോഴാണ് ഉൾക്കാട്ടിൽ ഉരുൾപൊട്ടിയത്‌ പുറംലോകം അറിയുന്നത്. ഉരുൾപൊട്ടലിൽ ദാമോദരന്റെ വീട് പൂർണമായും ഒലിച്ചുപോയി. ഈ പ്രദേശത്ത് പത്തോളം വീടുകൾ വേറെയുമുണ്ടെങ്കിലും അവരെല്ലാം താമസം മാറ്റിയിരുന്നു.  കിഴക്കഞ്ചേരി പാലക്കുഴി മലനിരകളിലും ശക്തമായ മലവെള്ളപ്പാച്ചിൽ പതിവാണ്. തളികക്കല്ല് ആദിവാസി കോളനിയിൽ മലയിടിച്ചിൽ ഭീഷണിയുമുണ്ട്. മലയോര മേഖലയിൽ ഉരുൾപൊട്ടുമ്പോൾ വെള്ളവും മറ്റും ഒഴുകിയെത്തുന്നത് മംഗലം അണക്കെട്ടിലേക്കാണ്. അപ്പോൾ അണക്കെട്ടിന്റെ ഷട്ടറുകൾ പരമാവധി ഉയർത്തേണ്ടിവരും. ചരിത്രത്തിൽ ആദ്യമായി അണക്കെട്ടിന്റെ ഷട്ടറുകൾ 145 സെന്റിമീറ്റർവരെ തുറക്കേണ്ടി വന്നു. 2018ലെ പ്രളയകാലത്തുവരെ 90 സെന്റിമീറ്ററാണ് പരമാവധി തുറന്നത്. ഇത്തരത്തിൽ വെള്ളം തുറന്നുവിടുമ്പോൾ പുഴകളും തോടുകളും കരകവിഞ്ഞ് നാട്ടിൻപുറങ്ങളിലും നാശനഷ്ടമുണ്ടാകുന്നു. നിരവധി വീടുകളിലും കൃഷിയിടങ്ങളിലും ഇത്തവണ വെള്ളം കയറി. വന്യമൃഗശല്യത്തോടൊപ്പം ഉരുൾപൊട്ടൽപോലുള്ള പ്രകൃതിക്ഷോഭംകൂടി വരുന്നതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെ കിടപ്പാടം ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നത്. Read on deshabhimani.com

Related News