നെല്ലിയാമ്പതി: റോഡ് ഭാഗികമായി തുറന്നു
പാലക്കാട് ഉരുൾപൊട്ടി ഒറ്റപ്പെട്ടുപോയ നെല്ലിയാമ്പതിയിലേക്കുള്ള ഗതാഗതം നാലാംദിനം ഭാഗികമായി പുനഃസ്ഥാപിച്ചു. റോഡിലേക്ക് ഉരുണ്ടുവീണ കൂറ്റൻ പാറകൾ പൊട്ടിച്ചുമാറ്റി ഒരുഭാഗത്തേക്ക് വാഹനത്തിന് കടന്നുപോകാനാകുംവിധം സജ്ജീകരണമുണ്ടാക്കി. വെള്ളിയാഴ്‌ച ഉച്ചയോടെ ജീപ്പുകൾ അടക്കമുള്ള അത്യാവശ്യ വാഹനങ്ങൾ കടത്തിവിട്ടു. തിങ്കൾ രാത്രിയാണ് ചെറുതും വലുതുമായ രണ്ട് ഉരുൾപൊട്ടലും നിരവധി സ്ഥലത്ത് മണ്ണിടിച്ചിലുമുണ്ടായത്. പൊതുമരാമത്ത് വിഭാഗം റണ്ണിങ് കോൺട്രാക്‌ടേഴ്‌സിന്റെ നേതൃത്വത്തിൽ അഞ്ച് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കുന്നുണ്ട്. ഹാമറുകൾ ഉപയോഗിച്ച് പൊട്ടിച്ചെടുത്ത പാറകൾ തള്ളി താഴേക്ക് മാറ്റുകയാണ്. കുണ്ടറച്ചോലയിൽ സഞ്ചാരയോഗ്യമാക്കിയ റോഡിന്റെ കുറച്ചുഭാഗം തകർന്നിട്ടുണ്ട്. മണ്ണും മറ്റും കുഴികളിലിട്ട് വാഹനങ്ങൾക്ക് ആയാസരഹിതമായി പോകാനുള്ള സൗകര്യമൊരുക്കി. മഴക്കാലം മാറിയാലേ റീടാറിങ് സാധ്യമാകൂ. പോത്തുണ്ടിയിൽനിന്ന് ചുരം റോഡ് കയറി രണ്ടുകിലോമീറ്റർ പിന്നിടുമ്പോൾ മുതലുള്ള റോഡിന്റെ ഇരുവശത്തെയും ടാർ ഇളകിമാറിയിട്ടുണ്ട്. കലുങ്കുകളുടെ ഭിത്തികളും തകർന്നിട്ടുണ്ട്. ഉരുൾപൊട്ടലുണ്ടായ കുണ്ടറച്ചോലയ്‌ക്കുസമീപവും ചെറുനെല്ലിയിലും റോഡിന്റെ അരികുകളിൽ മണൽച്ചാക്കുകൾ സ്ഥാപിച്ചു. ബാരിക്കേഡുകൾവച്ചും നിയന്ത്രണമുണ്ട്. കുണ്ടറച്ചോല കഴിഞ്ഞ് നെല്ലിയാമ്പതിയിലേക്കുള്ള പാതയിൽ പന്ത്രണ്ടിടത്ത് മണ്ണ് ഇടിഞ്ഞിട്ടുണ്ട്. റോഡിന്റെ പകുതിയോളമാണ് മണ്ണും കല്ലുകളും വീണുകിടക്കുന്നത്. ഒരുഭാഗത്തുകൂടി വാഹനങ്ങൾക്ക് കടന്നുപോകാൻ തടസ്സമില്ല. അടുത്ത ദിവസങ്ങളിൽ കല്ലുകളും മണ്ണും ഇവിടെനിന്ന് നീക്കംചെയ്യും. നെല്ലിയാമ്പതിയിൽ കുടുങ്ങി വിവിധ റിസോർട്ടുകളിലായി താമസിച്ചിരുന്ന വിനോദസഞ്ചാരികളെ വെള്ളിയാഴ്‌ച ജീപ്പുമാർഗം ചുരമിറക്കി. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കെ ബാബു എംഎൽഎ മുഴുവൻ സമയവും സ്ഥലത്തുണ്ടായിരുന്നു. Read on deshabhimani.com