രഥോത്സവത്തിനൊരുങ്ങി കൽപ്പാത്തി
പാലക്കാട് രഥോത്സവത്തിന്റെ വരവറിയിച്ച് കൽപ്പാത്തിയിലെ ക്ഷേത്രങ്ങളിൽ വ്യാഴാഴ്ച കൊടിയേറ്റും. പ്രധാന ക്ഷേത്രമായ കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥ ക്ഷേത്രത്തിലും പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രത്തിലും പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലും ചാത്തപുരം പ്രസന്നമഹാഗണപതി ക്ഷേത്രത്തിലും പകൽ 11നും 12നും ഇടയിൽ കൊടിയേറ്റും. 11നാണ് അഞ്ചാംതിരുനാൾ ആഘോഷം. പുതിയ കൽപ്പാത്തി ജങ്ഷനിൽ രാത്രി 11.30ന് ചെറുരഥങ്ങൾ സംഗമിക്കും. കൊടിയേറ്റത്തിനുമുമ്പുള്ള വാസ്തുശാന്തി ബുധനാഴ്ച നടക്കും. പാലക്കാട്ടെയും പരിസരങ്ങളിലെയും ഏറ്റവും വലിയ വാണിജ്യ ഉത്സവംകൂടിയാണ് രഥോത്സവം. തമിഴ്നാട്ടിൽനിന്നടക്കമുള്ളവർ വഴിയോരക്കച്ചവടം ലക്ഷ്യമിട്ട് കൽപ്പാത്തിയിലേക്ക് എത്തിത്തുടങ്ങി. നിരത്തുകളും ജനനിബിഡമായി. 13, 14, 15 തീയതികളിലാണ് രഥോത്സവം. കൽപ്പാത്തി രഥോത്സവത്തോടെ ജില്ലയിലെ അഗ്രഹാര ക്ഷേത്രങ്ങളിൽ ആറുമാസം നീളുന്ന രഥോത്സവങ്ങൾക്ക് തുടക്കമാകും. Read on deshabhimani.com