നാട് മുന്നേറുന്നു; മാലിന്യത്തെ പടികടത്താൻ
പാലക്കാട് മാലിന്യമുക്ത നവകേരളത്തിലേക്ക് അതിവേഗം കുതിക്കുകയാണ് ജില്ല. ഒക്ടോബറിൽ തുടങ്ങി നവംബർ ഒന്നിന് പൂർത്തിയായ ഒന്നാംഘട്ടത്തിൽ ജില്ലയിലെ 50 ശതമാനം ഓഫീസുകളും വിദ്യാലയങ്ങളും ടൂറിസം കേന്ദ്രങ്ങളും ഹരിതപദവി കൈവരിച്ചു. പത്തുശതമാനം അയൽക്കൂട്ടങ്ങളും തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ ടൗൺ വീതവും ഈ പട്ടികയിലുണ്ട്. 95 തദ്ദേശ സ്ഥാപനങ്ങളിലായി 97 ഹരിത ജങ്ഷനുകൾ തയ്യാറാക്കി. 958 ഓഫീസുകളും 549 വിദ്യാഭ്യാസ സ്ഥാപനങ്ങളും 36 കോളേജുകളും 5,388 അയൽക്കൂട്ടങ്ങളും 44 പൊതു ഇടങ്ങളും ഹരിതപദവിക്ക് അർഹരായി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് പ്രഖ്യാപനം വൈകുന്നത്. തദ്ദേശ സ്ഥാപനങ്ങൾ ഓഡിറ്റ് നടത്തി ഗ്രേഡിങ് നൽകിയാണ് ഹരിത പ്രഖ്യാപനം നടത്തുക. നവംബർ ഒന്നിന് രണ്ടാംഘട്ടത്തിന് തുടക്കംകുറിച്ചു. ഡിസംബർ 31ന് മൂന്നാംഘട്ടവും ജനുവരി 26ന് നാലാംഘട്ടവും ആരംഭിക്കും. മാർച്ച് എട്ടുമുതൽ 30വരെ നീളുന്നതാണ് അഞ്ചാംഘട്ടം. മാലിന്യക്കൂനകൾ നീക്കം ചെയ്‌ത് ബിന്നുകൾ സ്ഥാപിച്ചാണ് ഹരിത ജങ്ഷനുകൾ സാധ്യമാക്കിയത്. നാൽക്കവലകൾ മുതൽ ടൗൺവരെയുള്ള പ്രദേശങ്ങൾ ഇത്തരത്തിൽ മാലിന്യമുക്തമാക്കി. ജൈവ, അജൈവ, ദ്രവ മാലിന്യ സംസ്‌കരണം, ഹരിത പെരുമാറ്റച്ചട്ട പാലനം, വൃത്തിയുള്ള ശുചിമുറി, നിർദേശ ബോർഡുകൾ, പൊതുശുചിത്വം തുടങ്ങിയവ വിലയിരുത്തിയാണ് സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും ഗ്രേഡിങ് നിശ്ചയിക്കുന്നത്. ജൈവ, അജൈവ മാലിന്യങ്ങളുടെ സംസ്‌കരണം, ശുചിമുറികളിലെ ശുചിത്വം, മലിനജല സംസ്‌കരണം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക്കിന്റെ നിയന്ത്രണം തുടങ്ങിയവയാണ് ടൂറിസം കേന്ദ്രങ്ങളുടെ ഗ്രേഡിങ്ങിന് പരിഗണിക്കുന്നത്. ശുചിത്വകേരളം സുസ്ഥിര കേരളം എന്ന സന്ദേശമുയർത്തിയാണ് ജനങ്ങളുടെ സഹായത്തോടെ ക്യാമ്പയിൻ നടപ്പാക്കുന്നത്. Read on deshabhimani.com