‘ജാത്ര’ ഒരു 
ഓർമപ്പെടുത്തലാണ്‌



പട്ടാമ്പി കോവിഡ് മഹാമാരിയെ തുടർന്ന് ഇന്ത്യയിലാകെ ഉണ്ടായ തൊഴിലാളികളുടെ പലായനം പ്രമേയമാക്കി  ‘ജാത്ര’ നാടകം അരങ്ങിലെത്തി. പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ സംഘടിപ്പിച്ച കവിതയുടെ കാർണിവലിന്റെ ഭാഗമായി കോളേജ് തിയറ്റർ ക്ലബാണ്‌ ‘ജാത്ര, എ റൈറ്റിങ്‌ ഓൺ ദ റോഡ്‌’ നാടകം അവതരിപ്പിച്ചത്‌.  കോവിഡ് സൃഷ്ടിച്ച അരക്ഷിതാവസ്ഥയെ തുടർന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് കിലോമീറ്ററുകൾ സൈക്കിളിൽ സഞ്ചരിക്കേണ്ടി വന്ന മൂന്ന് തൊഴിലാളികളും രണ്ട് യൂണിവേഴ്സിറ്റി വിദ്യാർഥികളും യാത്രയ്‌ക്കിടെ കാൾ മാർക്സിനെ കണ്ടുമുട്ടുന്നതും അവരൊരുമിച്ച് യാത്ര തുടരുന്നതുമാണ്  പ്രമേയം.  സമാന്തരമായി മാർക്‌സ്‌ കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ എഴുതുന്നതുവരെയുള്ള യൗവനകാലഘട്ടവും അവതരിപ്പിക്കുന്നു. യാത്രയ്‌ക്കിടെ ഭരണകൂടത്തിന്റെ പിടിയിലാവുന്ന മാർക്സിനെ സൈക്കിൾ യാത്രക്കാർ മോചിപ്പിച്ച് ഗ്രാമത്തിലേക്ക് യാത്ര തുടരുന്നു.  മാറിയ ലോകസാഹചര്യത്തിൽ മാർക്സും കമ്യൂണിസവും വിശകലനങ്ങൾക്കും കൂട്ടിച്ചേർക്കലുകൾക്കും വിധേയമാകുന്നതാണ് നാടകാന്ത്യം.  പട്ടാമ്പി ഗവ. കോളേജിലെ കെമിസ്ട്രി അധ്യാപകൻ കെ ബി റോയ് രചനയും സംവിധാനവും നിർവഹിച്ച ‘ജാത്ര'യിൽ പൂർവവിദ്യാർഥികളും തിയേറ്റർ ക്ലബ്ബ് അംഗങ്ങളും കഥാപാത്രങ്ങളായി.  പൂർവവിദ്യാർഥിയും ജില്ലാ പഞ്ചായത്ത്‌ അംഗവുമായ എ എൻ നീരജാണ്‌ കാൾ മാർക്സായി അരങ്ങിൽ നിറഞ്ഞത്‌. കിരൺ വേണുഗോപാൽ, സാവിത്രി, സുബിൻ ഉണ്ണിക്കൃഷ്ണൻ, മിഥുൻ, പി കെ വൈഷ്ണവ് എന്നിവരും അരങ്ങിലെത്തി. Read on deshabhimani.com

Related News