തകരാറിലായ വന്ദേഭാരത് ഓടിക്കൊണ്ടിരിക്കുന്നതായി ‘ആപ്പ്’
ഷൊർണൂർ ‘വേർ ഈസ് മൈ ട്രെയിൻ’ ആപ്പിന്റെ കൃത്യതയിൽ സംശയവുമായി യാത്രക്കാർ. കഴിഞ്ഞദിവസം വന്ദേഭാരത് എക്‌സ്‌പ്രസ് തകരാറിലായി ഷൊർണൂരിൽ നിർത്തിയിടേണ്ടി വന്ന സംഭവത്തിലാണ് ആപ്പ് തെറ്റായ വിവരം നൽകിയത്. ഷൊർണൂരിൽ നിർത്തിയിട്ട വന്ദേഭാരത് വടക്കാഞ്ചേരി സ്റ്റേഷൻ കഴിഞ്ഞെന്നും ഓടിക്കൊണ്ടിരിക്കുകയാണെന്നുമാണ് ആപ്പിൽ കാണിച്ചത്. കാസർകോട് –-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ബുധൻ വൈകിട്ട് 5.36നാണ് ഷൊർണൂരിൽ എത്തിയത്. 5.39 ന് സ്റ്റേഷൻ വിട്ട ട്രെയിൻ 5.41 ഓടെ ഷൊർണൂർ ഓവർ ബ്രിഡ്ജ് എത്തുന്നതിനു മുമ്പ് തകരാറിലായി മൂന്നുമണിക്കൂറോളമാണ് യാത്രക്കാർ പെരുവഴിയിൽ കുടുങ്ങിയത്. തകരാർ പരിഹരിക്കാൻ റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ എത്തിച്ചു. ശേഷം 8.41നാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. എന്നാൽ ‘വേർ ഈസ് മൈ ട്രെയിൻ’ ആപ്പിൽ 8.19ന് വന്ദേഭാരത് വടക്കാഞ്ചേരി പിന്നിട്ടതായി കാണിച്ചിരുന്നു. ഇതോടെ ഈ ട്രാക്കിൽ വരുന്ന മറ്റു ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാരും സമ്മർദത്തിലായി. ഒടുവിൽ ട്രെയിനുകൾ സ്പീഡ് കുറച്ച് സിഗ്നൽ കൺട്രോൾ റൂമിൽവിളിച്ച് ഉറപ്പാക്കിയാണ് യാത്ര തുടർന്നത്. ട്രെയിനിന്റെ പ്രശ്നം പരിഹരിച്ചുവെന്നും രാത്രി എട്ടിന് യാത്ര തുടരുമെന്നും ആദ്യം അറിയിച്ചിരുന്നു. ഈ വിവരമാണ് ആപ്ലിക്കേഷനിൽ നൽകിയത്. Read on deshabhimani.com