പന്നിയങ്കരയിൽ പ്രദേശവാസികളിൽനിന്ന് ടോൾ പിരിക്കില്ല
വടക്കഞ്ചേരി സിപിഐ എം പ്രതിഷേധത്തെത്തുടർന്ന് പന്നിയങ്കരയിൽ പ്രദേശവാസികളിൽനിന്ന് ടോൾ പിരിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. സിപിഐ എം നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് വ്യാഴാഴ്ച മാർച്ച് നടത്തിയിരുന്നു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത മാർച്ച് ടോൾ പ്ലാസയ്‌ക്കുമുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ എൻ സുകുമാരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം ടി എം ശശി, ഏരിയ സെക്രട്ടറി ടി കണ്ണൻ, സി തമ്പു എന്നിവർ സംസാരിച്ചു. തുടർന്ന് നടത്തിയ ചർച്ചയിൽ തൽക്കാലം ടോൾ പിരിക്കില്ലെന്ന് കരാർകമ്പനി അധികൃതർ ഉറപ്പുനൽകി. വ്യാഴം രാവിലെ ഒമ്പതുമുതൽ പ്രദേശവാസികളിൽനിന്ന് ടോൾ പിരിക്കുമെന്നാണ് കരാർ കമ്പനി അധികൃതർ അറിയിച്ചിരുന്നത്. പ്രതിഷേധത്തിന് കോൺഗ്രസ്, -ജനകീയവേദി പ്രവർത്തകരും എത്തിയിരുന്നു. Read on deshabhimani.com