കൽപ്പാത്തിയിൽ ദേശീയ സംഗീതോത്സവത്തിന് തിരിതെളിഞ്ഞു
പാലക്കാട് കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ദേശീയ സംഗീതോത്സവം ആരംഭിച്ചു. കലക്ടർ എസ് ചിത്ര ഉദ്‌ഘാടനം ചെയ്തു. ചാത്തപുരം മണി അയ്യർ റോഡിൽ പുതുക്കോട് കൃഷ്ണമൂർത്തി നഗറിലാണ് പരിപാടി നടക്കുന്നത്. ആദ്യദിനമായ ബുധനാഴ്ച അന്നമാചാര്യ ദിനമായാണ് ആഘോഷിച്ചത്. ബംഗളൂരു ബ്രദേഴ്‌സായ എം ബി ഹരിഹരൻ, എസ് അശോക് എന്നിവരുടെ സംഗീതക്കച്ചേരി അരങ്ങേറി. കച്ചേരി അവതരിപ്പിച്ച കലാകാരൻമാരെ കലക്ടർ ആദരിച്ചു. ജനറൽ കൺവീനർമാരായ സുബ്ബരാമൻ, വിജയാംബിക, സ്വാമിനാഥൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മഹേഷ്‌കുമാർ, സംഗീതജ്ഞൻ പ്രകാശ് ഉള്യേരി, കരിമ്പുഴ രാമൻ, ഡിടിപിസി സെക്രട്ടറി സിൽബർട്ട് ജോസ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, പബ്ലിസിറ്റി കൺവീനർ നോബിൾ ജോസ് എന്നിവർ സംസാരിച്ചു. വ്യാഴാഴ്‌ച പുരന്തരദാസ ദിനത്തിൽ വൈകിട്ട് നാലിന് ടി അർച്ചനയും അഞ്ചിന് പാലക്കാട് ചെമ്പൈ സ്‌മാരക സംഗീത കോളേജിലെ വിദ്യാർഥികളും രാത്രി ഏഴിന് ഐശ്വര്യ വിദ്യ രഘുനാഥും കച്ചേരി അവതരിപ്പിക്കും. വെള്ളിയാഴ്ച സ്വാതി തിരുനാൾ ദിനമായി ആഘോഷിക്കും. വൈകിട്ട് നാലിന് നിരഞ്ജന്റെ സംഗീതക്കച്ചേരി നടക്കും. അഞ്ചിന് ചിറ്റൂർ ഗവ. കോളേജിലെ സംഗീത വിഭാഗം വിദ്യാർഥികളുടെ സംഗീതക്കച്ചേരിയും ഏഴിന് വിശ്വേഷ് സ്വാമിനാഥൻ നടത്തുന്ന സംഗീതക്കച്ചേരിയും നടക്കും. Read on deshabhimani.com