മധുവിന്‌ ചവിട്ട്‌ കിട്ടിയിരുന്നതായി എഎസ്‌ഐ കോടതിയിൽ



മണ്ണാർക്കാട് മധുവിനെ ഒരാൾ ചവിട്ടിയതായി സ്ഥിരീകരിച്ച്‌ അന്നത്തെ എഎസ്‌ഐ പ്രസാദ്‌ വർക്കി. ഒന്നാംപ്രതി ഹുസൈൻ ചവിട്ടിയതായി മധു മൊഴിനൽകിയിട്ടുണ്ടോ എന്ന അഭിഭാഷകന്റെ ചോദ്യത്തിനാണ്‌ ഒരാൾ തന്നെ ചവിട്ടിയതായി മധു മൊഴിനൽകിയതായി പ്രസാദ് വർക്കി കോടതിയിൽ അറിയിച്ചത്‌. കേസിൽ മൂന്നാം തവണയാണ്‌ എഎസ്‌ഐയെ വിസ്തരിക്കുന്നത്‌. മണ്ണാർക്കാട്‌ പ്രത്യേക എസ്‌സി –- എസ്‌ടി കോടതിയിലാണ്‌ മധു വധക്കേസിന്റെ വിസ്‌താരം നടക്കുന്നത്‌. മധുവിനെ ചവിട്ടിയ വിഷയത്തിൽ വ്യക്തത വരുത്താനാണ്‌ പ്രതിഭാഗം പ്രസാദ് വർക്കിയെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്‌. മൂന്ന്‌ രേഖ വിചാരണക്കോടതിയിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ നൽകിയ ഹർജിയിൽ രേഖകൾ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.  ഒന്നാംപ്രതി ഹുസൈന്റെ പേരമകളുമായി ബന്ധപ്പെട്ട് 2019, 2021 വർഷങ്ങളിൽ രക്ഷിതാക്കൾ അഗളി പൊലീസിൽ നൽകിയ പരാതിയും, അഗളി സ്‌റ്റേഷനിലെ പെറ്റീഷൻ രജിസ്റ്റർ, എഫ്ഐആർ എന്നിവയും കോടതിയിൽ ഒമ്പതിന് ഹാജരാക്കണം. കൂടാതെ 2020ൽ പള്ളിയിൽ നടന്ന മധ്യസ്ഥ ചർച്ചയുടെ രേഖയും വ്യാഴാഴ്ച ഹാജരാക്കണമെന്ന് വിചാരണക്കോടതി ജഡ്ജ് കെ എം രതീഷ്‌കുമാർ നിർദേശിച്ചു. Read on deshabhimani.com

Related News