വലയിൽ വീഴല്ലേ
പാലക്കാട് ജില്ലയിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വർധിക്കുന്നു. ചൊവ്വാഴ്‌ചയും പാലക്കാട് സ്വദേശി സൈബർ തട്ടിപ്പിൽ കുടുങ്ങി. ഇതോടെ ജില്ലയിൽ രജിസ്‌റ്റർ ചെയ്‌ത സൈബർ കേസുകളുടെ എണ്ണം 178 ആയി. ഇതിൽ 162ഉം സാമ്പത്തിക തട്ടിപ്പുകളാണ്. 11.81 കോടി രൂപയാണ് 2024 ആഗസ്‌ത് മൂന്നുവരെ വിവിധ ആളുകൾക്ക് നഷ്‌ടപ്പെട്ടത്. ചൊവ്വാഴ്‌ച പാലക്കാട് സ്വദേശിയിൽനിന്ന് തട്ടിയെടുത്തത് 29,40,000 രൂപയാണ്. തായ്‌വാനിലേക്ക് അയച്ച കൊറിയറിൽ എംഡിഎംഎ ഉണ്ടായിരുന്നുവെന്നും ഒതുക്കിത്തീർക്കാൻ പണം നൽകണമെന്നും പറഞ്ഞ് മുംബൈ പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീഡിയോകോൾ ചെയ്‌തായിരുന്നു പണം തട്ടിയെടുത്തത്. ഇത്തരത്തിൽ നിരവധി കബളിപ്പിക്കലുകൾ നടക്കുന്നുണ്ടെന്നും ജാഗ്രത കാണിക്കണമെന്നും ജില്ലാ പൊലീസ് മേധാവി നിരന്തരം അറിയിപ്പുകൾ മാധ്യമങ്ങളിലൂടെ നൽകിയിട്ടും ചിലർ വലയിൽ വീഴുന്നു. 2022ൽ 21 സൈബർ കേസുകളാണ് ജില്ലയിൽ രജിസ്‌റ്റർ ചെയ്‌തിരുന്നതെങ്കിൽ 23ൽ 231 ആയി ഉയർന്നു. 24ൽ ആറുമാസം പിന്നിട്ടപ്പോഴേക്കും 178 ആയി. 2022ൽ 94,72,594 രൂപയും 23ൽ 8,71,71,735 രൂപയും നഷ്‌ടപ്പെട്ടു. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ ജില്ലയിൽനിന്ന് ബുധനാഴ്‌ചവരെ രജിസ്‌റ്റർ ചെയ്‌തത് 1,734 പരാതികളാണ്. സംസ്ഥാനത്ത് ഈ വർഷം 1,552 സൈബർ കേസുകൾ രജിസ്‌റ്റർ ചെയ്‌തു. തട്ടിപ്പിന് ഇരയായാൽ വിളിക്കുക–- 1930. രജിസ്‌റ്റർ ചെയ്യാൻ www.cybercrime. gov.in Read on deshabhimani.com