ബിജെപി ജില്ലാ നേതൃയോഗം അലങ്കോലപ്പെട്ടു



  പാലക്കാട്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 14 കോടിയോളം രൂപ തട്ടിയെന്ന ആരോപണത്തിൽ മറുപടി പറയാൻ സാധിക്കാതെ  ബിജെപി ജില്ലാ നേതൃയോഗം അലസിപ്പിരിഞ്ഞു. ആരോപണത്തിന്റെ വസ്‌തുത അന്വേഷിച്ച്‌  റിപ്പോർട്ട്‌ പുറത്തുവിടണമെന്ന്‌  ബിജെപി നേതൃയോഗത്തിൽ ശക്തമായ ആവശ്യമുയർന്നു.  ബുധനാഴ്‌ച ചേർന്ന യോഗത്തിലാണ്‌  ഭൂരിപക്ഷം ഭാരവാഹികളും ഇക്കാര്യം ആവശ്യപ്പെട്ടത്‌. നേതൃത്വം മൗനം തുടർന്നതോടെ ബഹളം രൂക്ഷമായി. തർക്കം കെെയാങ്കളിയിലെത്തിയതോടെ യോഗം ഇടയ്‌ക്ക്‌ നിർത്തുകയായിരുന്നു.      136 പേർ പങ്കെടുക്കേണ്ട ജില്ലാ ഭാരവാഹി യോഗത്തിൽ ഏഴ്‌ മണ്ഡലങ്ങളിൽനിന്ന്‌ പ്രവർത്തകർ പങ്കെടുത്തില്ല. ബഹളം ആരംഭിച്ചതോടെ മുതിർന്ന നേതാക്കളായ ഇ കൃഷ്‌ണദാസ്‌, എൻ ശിവരാജൻ എന്നിവർ യോഗത്തിൽനിന്ന്‌ ഇറങ്ങിപ്പോയി. തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് സംഘടനാപരമായി  യോഗം ചേർന്നത്. പണംതട്ടിപ്പുമായി ബന്ധപ്പെട്ട്‌ പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലുമായി നിരവധി വാർത്തകൾ പുറത്തുവന്നിട്ടും നേതൃത്വം വിശദീകരിക്കാനോ,   മാധ്യമങ്ങളോട്‌ മറുപടി പറയാനോ ശ്രമിച്ചിരുന്നില്ല.  വാർത്തകൾ  തള്ളിപ്പറയാനും ജില്ലാ നേതൃത്വം തയ്യാറായില്ല. ഇതോടെ മാധ്യമങ്ങളിൽവന്ന വാർത്തയിൽ സത്യമുണ്ടെന്ന്‌  പ്രവർത്തകർ വിശ്വസിക്കുകയാണെന്ന്‌ യോഗത്തിൽ പങ്കെടുത്തവർ  പറഞ്ഞു.  പാർടി പ്രവർത്തകർതന്നെ മുൻ നഗരസഭാ കൗൺസിലറും  നഗരത്തിലെ ബിജെപി നേതാവുമായയാളുടെ  വീട്‌ ആക്രമിച്ചതിലും നേതൃത്വത്തിന് മൗനമായിരുന്നു. പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത പ്രതികൾക്കെതിരെ ഒരു നടപടിയും എടുക്കാത്തത്‌ നേതൃത്വത്തിന്റെ അറിവോടെയാണ്  വീടാക്രമണം നടന്നത്‌ എന്നതിന്‌ തെളിവാണെന്നും  യോഗത്തിൽ  വിമർശമുയർന്നു. ഇക്കാര്യത്തിൽ ജില്ലാ നേതൃത്വത്തെ പരസ്യമായി വിമർശിക്കാൻ ജില്ലാ ഇൻചാർജും സംസ്ഥാന വൈസ് പ്രസിഡന്റുമായ പി  രഘുനാഥ് മുതിർന്നു.   തദ്ദേശ സ്ഥാപനങ്ങളിലേക്ക് അടുത്ത് നടന്ന  ഉപതെരഞ്ഞെടുപ്പിൽ പാർടിയുടെ  നിരാശാജനകമായ പ്രകടനം  ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും  രഘുനാഥ് പറഞ്ഞു.  ഇത്തരം ആരൊപണങ്ങൾ  ഉയരുമെന്ന്‌ വ്യക്തമായതോടെയാണ് ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയും  യോഗത്തിൽനിന്ന് വിട്ടുനിന്നതെന്നും സൂചനയുണ്ട്‌. Read on deshabhimani.com

Related News