എൽഡിഎഫ്‌ തിളക്കമാർന്ന വിജയം നേടും



തദ്ദേശസ്വയംഭരണ  സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ മികച്ച വിജയപ്രതീക്ഷയിലാണ്‌. കഴിഞ്ഞ തവണ നേടിയതിനേക്കാൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്‌, ജില്ലാ ഡിവിഷനുകളില്‍  എൽഡിഎഫ് തിളക്കമാർന്ന വിജയം‌നേടുമെന്ന്‌ സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രൻ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.  സർക്കാരിന്റെ വികസനനേട്ടങ്ങൾ താഴെത്തട്ടിലെത്തിക്കാൻ തദ്ദേശസ്ഥാപനങ്ങൾ വഹിച്ച പങ്ക്‌ ജനം ചർച്ച ചെയ്യുന്നു. മികച്ച രീതിയിൽ ഇടപെട്ട്‌ രാഷ്ട്രീയവിവേചനമില്ലാതെ പദ്ധതികൾ നടപ്പാക്കിയത്‌ എൽഡിഎഫ്‌ ഭരണസമിതികളാണെന്ന്‌ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്‌‌. കോവിഡ്‌ പ്രതിരോധത്തിലും സാമൂഹ്യ അടുക്കളകളുടെ പ്രവർത്തനത്തിലും ഇത്‌ ബോധ്യപ്പെട്ടതാണ്‌‌. വിശപ്പുരഹിതകേരളം പദ്ധതിയുടെ ഭാഗമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ചുരുങ്ങിയ നിരക്കിൽ ഉച്ചയൂണ്‌ നൽകുന്ന ജനകീയ ഹോട്ടലുകളും ഇതിനുദാഹരണം‌.  യുഡിഎഫ്‌ നേതൃത്വത്തിലുള്ള ഭരണസമിതികൾ പലരംഗത്തും തികഞ്ഞ പരാജയമായി. മണ്ണാർക്കാട്‌, ചെർപ്പുളശേരി, പട്ടാമ്പി നഗരസഭകളാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പ്  രൂപീകരിച്ചത്‌. മണ്ണാർക്കാട്‌ നഗരസഭയിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തുകയും നറുക്കെടുപ്പിലൂടെ യുഡിഎഫിന്‌ ഭരണം ലഭിക്കുകയും ചെയ്‌തു.  പട്ടാമ്പിയിലെ യുഡിഎഫ്‌ ഭരണസമിതിക്കെതിരെ ആരോപണങ്ങളും ആക്ഷേപങ്ങളും ഇല്ലാത്ത ദിവസങ്ങളുണ്ടായിട്ടില്ല. ചെർപ്പുളശേരിയിലും സമാനസ്ഥിതിതന്നെ. ലൈഫ്‌ പദ്ധതി വീട്‌ നിർമാണം കോൺഗ്രസ്‌ നേതാവ്‌ കരാറെടുത്ത സംഭവംവരെയുണ്ടായി.  പഞ്ചായത്തുകൾ നഗരസഭകളായാൽ കൂടുതൽ വികസനം വരികയാണ്‌ പതിവ്‌. ഈ മൂന്ന്‌ നഗരസഭകളുടെ കാര്യത്തിലും അതുണ്ടായില്ല. ചിറ്റൂർ നഗരസഭയിൽ മൂന്നിൽനിന്നാണ്‌ 11 അംഗങ്ങളിലേക്ക്‌ എൽഡിഎഫ്‌ അംഗസഖ്യ വർധിപ്പിച്ചത്‌. അത്‌ ഇത്തവണയും ഉയരും.  പാലക്കാട്‌ നഗരസഭാ ഭരണം സംസ്ഥാനത്തുതന്നെ ഏറ്റവും മോശമെന്ന പേര്‌ നേടിയിരിക്കുന്നു. ഒരു പഞ്ചായത്തിൽ നടക്കേണ്ട വികസനംപോലും പാലക്കാട്‌ നഗരത്തിലുണ്ടായില്ല. എൽഡിഎഫ്‌ നേതൃത്വത്തിലുള്ള ജില്ലാ പഞ്ചായത്ത്‌ഭരണം മികച്ച രീതിയിലാണ്‌ ഇടപെട്ടത്‌. അഞ്ച്‌വർഷത്തിനകം 816 കോടിയുടെ വികസനപ്രവർത്തനം സാധ്യമാക്കി.  ജനക്ഷേമപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ മുഴുവൻ ജനങ്ങളിലും എത്തണമെങ്കിൽ താഴെത്തട്ടിലും ഇടതുമുന്നണിയുടെ ഭരണംവേണമെന്ന്‌ ജനം തിരിച്ചറിയുന്നു. ‌  ഐക്യത്തോടുകൂടി ചിട്ടയായ പ്രവർത്തനം നടത്തി 2015നേക്കാൾ മികച്ച വിജയം കൈവരിക്കുന്നവിധം എൽഡിഎഫ് ജില്ലയിലാകെ  മേൽകൈ നേടിയിട്ടുണ്ട്.   ജില്ലയിലെ  മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലേക്കും മത്സരിക്കുന്ന എൽഡിഎഫ്‌ സ്ഥാനാർഥികൾക്ക്‌ അവരുടെ ചിഹ്നത്തിൽ വോട്ട്‌ രേഖപ്പെടുത്തി വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന്‌ എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യർഥിക്കുന്നു. Read on deshabhimani.com

Related News