ദ്രോഹം മാത്രം കേന്ദ്ര അജൻഡ; പ്രതിഷേധ ജ്വാല തീർക്കാൻ സിഐടിയു
പാലക്കാട് സംസ്ഥാനത്തെ പരിഗണിക്കാത്ത, കാർഷിക–-വ്യവസായ–- സേവന –-സാമൂഹ്യക്ഷേമ മേഖലകളെ പിന്നോട്ടടിപ്പിക്കുന്ന, വികസനപദ്ധതികളെ തകർക്കുന്ന കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ സമരം കടുപ്പിച്ച് സിഐടിയു. 30ന് ജില്ലയിൽ 15 കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല തീർക്കും. കഞ്ചിക്കോട് കോച്ച് ഫാക്ടറിയെപ്പറ്റി ബജറ്റിൽ പരാമർശമില്ല. പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗളൂരു രൂപീകരിക്കാനും നടപടി തുടങ്ങി. സേലം ഡിവിഷൻ രൂപീകരിക്കുന്നതിനുമുമ്പ് 1247 കിലോമീറ്റർ ഉണ്ടായിരുന്ന പാലക്കാട് ഡിവിഷൻ റെയിൽപാതയുടെ നീളം 588 കിലോമീറ്ററായി ചുരുങ്ങി. വീണ്ടും വെട്ടിമുറിച്ചാൽ റെയിൽവേ ഭൂപടത്തിൽനിന്ന് കേരളം അപ്രത്യക്ഷമാകും. മൂന്നാമതൊരു റെയിൽപാതയെന്ന ആവശ്യം പരിഗണിച്ചില്ല. ഷൊർണൂർ ട്രയാങ്കുലർ റെയിൽവേ സ്റ്റേഷൻ, കൂടുതൽ പാസഞ്ചർ ട്രെയിൻ, മെമു, ഇന്റർസിറ്റി തുടങ്ങിയ ആവശ്യങ്ങളൊക്കെ തള്ളി. പൊള്ളാച്ചി പാതയിൽ കൂടുതൽ ട്രെയിൻ അനുവദിച്ചില്ല. കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴിക്കായി പാലക്കാട് 1344 കോടി രൂപ മുടക്കി സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തു നൽകിയെങ്കിലും അനുമതി ബജറ്റിൽ പരിഗണിച്ചില്ല. നെല്ല്, പഴം, പച്ചക്കറി, കുരുമുളക്, റബർ എന്നിവയ്ക്കൊന്നും സഹായമില്ല. മലയോരമേഖലയിൽ മനുഷ്യ–--വന്യമൃഗ സംഘർഷത്തിന് പരിഹാരമാവശ്യപ്പെടുന്ന പദ്ധതികൾ പരിഗണിച്ചില്ല. വളം സബ്സിഡി വെട്ടിക്കുറച്ചു. കാർഷിക കടാശ്വാസം വേണമെന്ന ആവശ്യം തള്ളി. കാർഷിക അധിഷ്ഠിത വ്യവസായങ്ങളും പരിഗണിച്ചില്ല. ബിഹാറിന് 58,900 കോടിയും ആന്ധ്രയ്ക്ക് പതിനയ്യായിരം കോടിയും വകയിരുത്തി. എന്നാൽ, കേരളമെന്ന പരാമർശം പോലുമുണ്ടായില്ല. ചോദിച്ച 24,000 കോടിയുടെ സാമ്പത്തിക പാക്കേജ് അനുവദിച്ചില്ല. കേരളത്തിനുമേലുള്ള വായ്പ നിയന്ത്രണത്തിലും ഇളവില്ല. വിഴിഞ്ഞം തുറമുഖം സംസ്ഥാനം യാഥാർഥ്യമാക്കിയിട്ടും തുടർവികസനത്തിന് ഒരുരൂപ തന്നില്ല. എയിംസ് വീണ്ടും നിഷേധിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും നാഷണൽ ഹൈവേക്ക് മുഴുവൻ തുകയും കേന്ദ്രം മുടക്കുമ്പോൾ കേരളത്തിൽ 25 ശതമാനം വിഹിതം സംസ്ഥാനം മുടക്കുന്നു. പ്രളയദുരിതം നേരിടാൻ 11,500 കോടി രൂപ ബിഹാറിന് ബജറ്റ് വിഹിതം അനുവദിച്ച കേന്ദ്രം വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യംപോലും തള്ളി. ഈ സാഹചര്യത്തിലാണ് സമരവുമായി സിഐടിയു രംഗത്തുവരുന്നത്. Read on deshabhimani.com