കിടത്തിച്ചികിത്സ 
തിങ്കളാഴ്‌ച മുതൽ

പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി


 പാലക്കാട്‌ പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കിടത്തിച്ചികിത്സ തിങ്കളാഴ്‌ച മുതൽ ആരംഭിക്കും. ഒപ്പം പൂർണമായ ഒപിയും തുടങ്ങും. ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജ്‌ ക്ലിനിക്കൽ വിഭാഗം പ്രവർത്തനം നിർത്തി. ജനറൽ മെഡിസിൻ, ഓർത്തോപീഡിക്‌സ്‌, ഇഎൻടി, സൈക്യാട്രി, ജനറൽ സർജറി, പീഡിയാട്രിക്‌സ്‌, പൾമണോളജി തുടങ്ങിയ വിഭാഗങ്ങളിലെ ഒപിയും കിടത്തിച്ചികിത്സയും ഇനി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരിക്കും. എന്നാൽ ഗൈനക്കോളജി വിഭാഗം ജില്ലാ ആശുപത്രിയിൽ തുടരും. ഇതുവരെ ജില്ലാ ആശുപത്രിയുടെ സൗകര്യം ഉപയോഗപ്പെടുത്തിയാണ്‌ ഓപ്പറേഷനും കിടത്തിച്ചികിത്സയുമൊക്കെ നടത്തിയിരുന്നത്‌. ഒപ്പം ഒപിയും പ്രവർത്തിച്ചിരുന്നു.  രണ്ട്‌ ഓപ്പറേഷൻ തിയറ്ററും രണ്ട്‌ ഐസിയുവും 120 കിടക്കകളും നിലവിൽ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്‌. ഒപി വഴി മാത്രമായിരിക്കും രോഗികളെ പ്രവേശിപ്പിക്കുക ചെയ്യുക. എക്‌സ്‌റേ, ലാബ്‌ സൗകര്യം എന്നിവ നിലവിലുണ്ട്‌. എന്നാൽ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം തുടങ്ങാനായിട്ടില്ല. സിടി സ്‌കാൻ, എംആർഐ, ബ്ലഡ്‌ ബാങ്ക്‌ എന്നീ സൗകര്യങ്ങൾക്ക്‌ ജില്ലാ ആശുപത്രിയെതന്നെ ആശ്രയിക്കണം. ഈ സംവിധാനങ്ങൾ എത്രയുംവേഗം മെഡിക്കൽ കോളേജിൽ സാധ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌ ക്ലിനിക്കൽ വിഭാഗത്തിന്റെ മാറ്റം സംബന്ധിച്ച തീരുമാനമെടുത്തത്‌. ജില്ലാ ആശുപത്രി സൂപ്രണ്ട്‌ പി കെ ജയശ്രീ, ജില്ലാ വനിതാ ശിശു ആശുപത്രി സൂപ്രണ്ട്‌ കെ ടി പ്രേമകുമാർ, മെഡിക്കൽ കോളേജ്‌ ഡയറക്ടർ ഒ കെ മണി, പ്രിൻസിപ്പൽ എം ടി വിജയലക്ഷ്‌മി, സൂപ്രണ്ട്‌ ഡോ. ബി ശ്രീറാം എന്നിവർ സംസാരിച്ചു. പട്ടികജാതി–-വർഗ വകുപ്പിനുകീഴിൽ 2014 ലാണ്‌ പാലക്കാട്‌ മെഡിക്കൽ കോളേജ്‌ പ്രവർത്തനമാരംഭിച്ചത്‌. കൂടുതൽ സൗകര്യങ്ങൾക്ക്‌ പുറമേ ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരെയും നിയമിക്കും. Read on deshabhimani.com

Related News