പണിത് ‘പണി’ തന്ന്

സുൽത്താൻപേട്ട ജങ്ഷനിലെ നിർമാണം നിലച്ച നഗരസഭാ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം


  പാലക്കാട് ‘‘പണിതിട്ടും പണിതിട്ടും പണിതീരാത്തൊരു...’’ സിനിമാപാട്ടല്ല, സുൽത്താൻപേട്ട ഷോപ്പിങ് കോംപ്ലക്‌സിനെ ഇങ്ങനെ വിശേഷിപ്പിക്കാം. അഞ്ചുവർഷംമുമ്പ്‌ നിർമാണം തുടങ്ങിയ സമുച്ചയമാണിത്‌. ചെടികൾ വളർന്നും പായൽ പിടിച്ചും  കിടക്കുന്ന  ‘കോൺക്രീറ്റ്‌ കൂടം’ നഗരസഭയുടെ അനാസ്ഥയുടെ മറ്റൊരു ഉദാഹരണം. കോടികളുടെ വരുമാനം ലഭിക്കേണ്ട പദ്ധതിയാണ്‌ പാതിയിൽ നശിക്കുന്നത്‌.       ഷോപ്പിങ്‌ കോംപ്ലക്‌സ്‌ നിർമാണം ഇഴയുന്നതിന്‌ ഫണ്ടില്ല എന്നാണ്‌ നഗരസഭാ ഭരണസമിതിയുടെ മറുപടി. കാലങ്ങളായി കിട്ടുന്ന ഉത്തരമാണിത്‌. ഇരുപത്തിമൂന്നാം വാർഡിലാണ്‌ കെട്ടിടം. മാറിവന്ന കൗൺസിലർമാർക്കും പണിതീർക്കാൻ താൽപ്പര്യമില്ല. ഉപതെരഞ്ഞെടുപ്പ്‌ അടുത്തപ്പോൾ കെട്ടിടം നിൽക്കുന്ന സ്ഥലത്ത്‌ ചെറുതായി പുല്ല്‌ വെട്ടിയിട്ടുണ്ട്‌.   കാലപ്പഴക്കംചെന്ന  കെട്ടിടം പൊളിച്ചുമാറ്റി 2019ലാണ്‌ ഷോപ്പിങ് മാൾ പ്രവൃത്തി തുടങ്ങിയത്‌. ഹാബിറ്റാറ്റിനായിരുന്നു ചുമതല. 4.99 കോടി രൂപ കരാറുകാർക്ക്‌ കൈമാറി. എന്നാൽ അത്രയും തുകയ്‌ക്കുള്ള പണിയൊന്നും  കാണാനില്ല. കമീഷൻ വാങ്ങി നഗരസഭാ ഭരണസമിതി നിർമാണം അട്ടിമറിക്കുകയാണെന്ന ആക്ഷേപവും ശക്തം.  പുതിയ ടെൻഡറിലേക്ക്‌ പോകാൻ നഗരസഭ തീരുമാനിച്ചെങ്കിലും നടപ്പായില്ല.  കേന്ദ്ര നഗരാസൂത്രണ മന്ത്രാലയം വായ്‌പ  അനുവദിച്ച 20 കോടി രൂപ ഉപയോഗിച്ച്‌ സ്‌റ്റേഡിയം ബൈപാസ്‌–-ഐഎംഎ റോഡിലെ ഓർഗാനിക്‌ മാർക്കറ്റ്‌, ഒലവക്കോട്‌ റെയിൽവേ സ്‌റ്റേഷൻ റോഡിലെ വിശ്രമ–-ശുചിമുറി, സുൽത്താൻപേട്ട ഷോപ്പിങ് കോംപ്ലക്‌സ്‌ എന്നിവയുടെ നിർമാണം  2025 ആദ്യത്തോടെ പൂർത്തിയാക്കുമെന്നാണ്‌ നഗരസഭയുടെ അവകാശവാദം. 20 കോടി കേന്ദ്രത്തിൽനിന്ന്‌ വെറുതേ കിട്ടുന്നതല്ല. പലിശസഹിതം  തിരിച്ചടയ്‌ക്കണം. ഇത്രയും തുക ഉപയോഗിച്ച്‌ ഈ മൂന്ന്‌ കെട്ടിടങ്ങൾ പൂർത്തിയാക്കുകയെന്നത്‌ സാധ്യമല്ലെന്ന ആക്ഷേപവും ഉയരുന്നു.   Read on deshabhimani.com

Related News