കണ്ണമ്പ്രയിലെ സ്ഥലം ഉഷാർ
പാലക്കാട് കൊച്ചി–- ബംഗളൂരു വ്യവസായ ഇടനാഴിക്കായി കണ്ണമ്പ്രയിൽ ഏറ്റെടുത്ത സ്ഥലം വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ തടസ്സമില്ലെന്ന് വനം–- വന്യജീവി വകുപ്പ്. പീച്ചി–- വാഴാനി സംരക്ഷിത വനമേഖലയിലെ 10 കിലോമീറ്റർ ബഫർസോണിൽനിന്ന് രണ്ടു കിലോമീറ്റർ മാറിയാണ് പദ്ധതിപ്രദേശം. ബുധനാഴ്‌ച ഉദ്യോഗസ്ഥസംഘം ഇവിടം സന്ദർശിച്ച് സംതൃപ്‌തി രേഖപ്പെടുത്തി. കണ്ണമ്പ്രയിൽ ഏറ്റെടുത്ത 253.12 ഏക്കറിൽ 222.37 ഏക്കർ ഭൂമിയാണ് വ്യാവസായിക ആവശ്യങ്ങൾക്കും റോഡ്, താമസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്‌ക്കുമായി ഉപയോഗിക്കുക. വ്യവസായ പാർക്കിനുചുറ്റും 30.75 ഏക്കർ ഗ്രീൻബെൽറ്റിനായി നീക്കിവയ്‌ക്കും. കണ്ണമ്പ്രയിൽ 54.21 ശതമാനം (196.67 ഏക്കർ) ഭൂമിയാണ് നിർമാണ പ്രവൃത്തിക്കായി ഉപയോഗിക്കുക. ഇതിൽ 107.34 ഏക്കർ ഫുഡ് ആൻഡ് ബിവറേജസ് ഉൽപ്പന്നങ്ങൾ, 20.1 ഏക്കർ നോൺ മെറ്റാലിക് മിനറൽ ഉൽപ്പന്നങ്ങൾ, 30.67 ഏക്കർ റബർ ആൻഡ് പ്ലാസ്‌റ്റിക് ഉൽപ്പന്നങ്ങൾ, 11.56 ഏക്കർ റീസൈക്ലിങ് എന്നിവയ്‌ക്കാണ് വിനിയോഗിക്കുക. 40.38 ഏക്കർ റോഡ്, 4.66 ഏക്കർ താമസം, 4.72 ഏക്കർ അടിസ്ഥാന സൗകര്യവികസനം എന്നിവയ്‌ക്കും മാറ്റിവച്ചിട്ടുണ്ട്. വ്യവസായ പാർക്കിനായി ഏറ്റെടുത്ത പുതുശേരി വെസ്‌റ്റ്, സെൻട്രൽ എന്നിവയുൾപ്പെടെയുള്ള മേഖലകളിലും പരിസ്ഥിതിക്ക് പ്രാധാന്യം നൽകിയുള്ള വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കുക. നേരത്തേ കേന്ദ്രപരിസ്ഥിതി മന്ത്രാലയം, കാലാവസ്ഥാ വകുപ്പ് എന്നിവയുടെ അനുമതി ലഭിച്ചിരുന്നു. പുതുശേരി സെൻട്രലിൽ 60.94 ഏക്കറും വെസ്‌റ്റിൽ 35.06 ഏക്കറും ഗ്രീൻബെൽറ്റിനായി നീക്കിവച്ചിട്ടുണ്ട്. കഞ്ചിക്കോട് സ്‌മാർട്ട് സിറ്റിക്കും വ്യവസായ പാർക്കിനുമായി 1710 ഏക്കർ ഭൂമിയിൽ പുതുശേരി വെസ്‌റ്റിൽ 240 ഏക്കർമാത്രമാണ് ഇനി ഏറ്റെടുക്കാനുള്ളത്. മാസ്‌റ്റർപ്ലാനും വിശദ പദ്ധതിരേഖയും അംഗീകരിച്ചതോടെ ആദ്യഘട്ടമായി 100 കോടി രൂപ കൈമാറാനും തീരുമാനമായിട്ടുണ്ട്. 2025 മാർച്ചോടെ ടെൻഡർ നടപടി പൂർത്തിയാക്കി ഏപ്രിലിൽ സ്‌മാർട്ട് സിറ്റി നിർമാണം തുടങ്ങുമെന്നാണ് വ്യവസായ വകുപ്പ് പ്രതീക്ഷിക്കുന്നത്. രണ്ടുവർഷത്തിനകം ഒന്നാംഘട്ടം പൂർത്തിയാകും. സ്‌മാർട്ട്‌സിറ്റി നടത്തിപ്പിന് കേന്ദ്രവും സംസ്ഥാനവും ചേർന്ന് കേരള ഇൻഡസ്‌ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെഐസിഡിസി) എന്ന പ്രത്യേക കമ്പനി രൂപീകരിച്ചിട്ടുണ്ട്. Read on deshabhimani.com