ഇഴയടുപ്പമായി സരിൻ
പാലക്കാട് പാലക്കാട് മണ്ഡലം ഉപതെരഞ്ഞെടുപ്പിന് പത്തുനാൾ ശേഷിക്കെ പരമാവധി വോട്ടർമാരെ നേരിൽക്കണ്ടതിന്റെ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് സ്വതന്ത്രസ്ഥാനാർഥി ഡോ. പി സരിൻ. നാടിന്റെ മിക്കവാറും എല്ലാ ഭാഗത്തും ഒന്നിലേറെ തവണ കടന്നുചെന്ന സരിൻ പാലക്കാടൻ ജനതയുടെ ഹൃദയം കവർന്നു. കുട്ടികൾക്ക് സരിൻ ’ഡോക്ടർ അങ്കിൾ’ ആണ്. യുവാക്കൾക്ക് ‘സരിൻബ്രോ’. മുതിർന്നവർ കുഞ്ഞനിയന്റെ പരിലാളനയോടെയും അമ്മമാർ പുത്രവാത്സല്യത്തോടെയും സരിനെ നെഞ്ചോടുചേർത്തു. മണ്ഡലത്തിലെവിടെയും സരിനുമായി സൗഹൃദമുള്ളവരേറെയാണ്. പലരെയും പേരെടുത്തുവിളിക്കാൻ കഴിയുന്ന ആത്മബന്ധം; അദ്ദേഹത്തിന് തിരിച്ചുമുണ്ട്. പരിചയപ്പെടുത്തലില്ലാതെതന്നെ ഡോ. പി സരിൻ എളുപ്പം ജനഹൃദയങ്ങളിൽ കുടിയേറാനും അതൊരു കാരണമായി. സ്ഥാനാർഥിയുടെ സ്വീകാര്യത പ്രവർത്തകരിലും ആത്മവിശ്വാസം വർധിപ്പിച്ചു. പാലക്കാട് മണ്ഡലത്തിൽ പരിഹരിക്കാത്ത വികസനപ്രശ്‌നങ്ങളാണ് അദ്ദേഹം ജനങ്ങളുമായി സംവദിച്ചത്. പൊതുതെരഞ്ഞെടുപ്പിന് ഒന്നരവർഷം മാത്രമുള്ളപ്പോൾ പാലക്കാടിനെ കൈവിട്ട എംഎൽഎയുടെ പൊയ്‌മുഖവും അദ്ദേഹം തുറന്നുകാട്ടി. കലാലയങ്ങൾ, കവലകൾ, സ്ഥാപനങ്ങൾ, വ്യാപാരശാലകൾ, ആരാധനാലയങ്ങൾ തുടങ്ങി നാലാൾ കൂടുന്നിടത്തൊക്കെ ജനകീയ ആവശ്യങ്ങൾക്കൊപ്പം താനുണ്ടെന്ന് ഉറക്കെപ്പറഞ്ഞു. ‘തനിക്ക് ഒരവസരം തന്നാൽ ചെയ്യുമെന്ന് പറയുന്നത് ചെയ്‌തിരിക്കും’. ആ വാക്കുകൾക്ക് എന്തെന്നില്ലാത്ത നിശ്‌ചയദാർഢ്യമുണ്ടെന്ന് വോട്ടർമാർ ഉറപ്പിക്കുന്നു. സ്‌റ്റെതസ്‌കോപ്പ് ചിഹ്‌നം പ്രഖ്യാപിച്ചതോടെ സരിന്റെ വോട്ട് അഭ്യർഥനയ്‌ക്കൊപ്പം ചിഹ്‌നംകൂടി പരിചയപ്പെടുത്തുകയാണ്. സ്ഥാനാർഥിയുടെ സ്വീകരണപരിപാടിയിൽ കുട്ടികളും അമ്മമാരുമടക്കം സ്‌റ്റെതസ്‌കോപ്പുമായി എത്തിയതും ആവേശമായി. പരമാവധിയാളുകളെ വീടുകളിലെത്തി കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥി. ഇതിനിടെ ജനകീയപ്രശ്‌നങ്ങൾക്ക് പരിഹാരം തേടിയുള്ള നിവേദനങ്ങളും പരാതികളും സ്വീകരിച്ചു. തുറന്നവാഹനത്തിലുള്ള സ്വീകരണപര്യടനം പാലക്കാട് നഗരത്തിലും കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളിലും കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. Read on deshabhimani.com