പുതുജീവിതം തളിർക്കാൻ 
പലവക ‘ചലഞ്ച് ’

ഡിവൈഎഫ്ഐ കല്ലേപ്പുള്ളിയിൽ നടത്തിയ മീൻ ചലഞ്ച് മരുതറോഡ് പഞ്ചായത്ത് പ്രസിഡന്റ് പി ഉണ്ണികൃഷ്ണന് നൽകി ജില്ലാ പ്രസിഡന്റ് 
ആർ ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു


  പാലക്കാട്‌ വയനാടിനെ പുനർനിർമിക്കാനുള്ള യജ്ഞത്തിൽ അക്ഷീണം പ്രയത്നിച്ച്‌ ഡിവൈഎഫ്‌ഐ. മീൻവിറ്റും ടിപ്പറോടിച്ചും ആടിനെ വിറ്റും ഒരു നാടിന്റെ ഉയിർപ്പിനായി യുവത കൈകോർക്കുകയാണ്‌. ഡിവൈഎഫ്ഐ കൊട്ടേക്കാട്‌ മേഖലാ കമ്മിറ്റി കല്ലേപ്പുള്ളിയിൽ നടത്തിയ മീൻ ചലഞ്ചിൽ മൂന്നുമണിക്കൂറിനിടെ 300 കിലോ മീൻ വിറ്റു. അയല, ചെമ്പല്ലി, കിളിമീൻ തുടങ്ങി വൈവിധ്യമാർന്ന മീനുകളുണ്ടായി. വയനാടിനൊരു കൈത്താങ്ങ്‌ എന്ന നിലയിലാണ്‌ ജനങ്ങൾ മീൻ വിൽപ്പനയുമായി സഹകരിച്ചത്‌. ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവൻ ഉദ്ഘാടനംചെയ്തു.  പെരുമാട്ടി മേഖലാ കമ്മിറ്റിയിലെ കോരയാർചള്ള  സ്വദേശി വിപിൻദാസിന്റെ ടിപ്പർ ലോറി ശനിയാഴ്‌ച ഓടിയത്‌ വയനാടിനുവേണ്ടിയാണ്‌. ദിവസം മുഴുവൻ ഓടിയ തുക കൈമാറി. എടത്തനാട്ടുകര മേഖല കമ്മിറ്റി ‘ഒരു തൈ വാങ്ങിയാൽ പണം വയനാടിന്‌’ എന്ന മുദ്രാവാക്യവുമായി നടത്തിയ പച്ചക്കറി തൈ ചലഞ്ചും ജനങ്ങൾ ഹൃദയപൂർവം ഏറ്റെടുത്തു. ജില്ലാ സെക്രട്ടറി കെ സി റിയാസുദീൻ പങ്കാളിയായി. കയിലിയാട്‌ മേഖലാ കമ്മിറ്റി ആടിനെ ലേലം ചെയ്‌താണ്‌ പണം സമാഹരിച്ചത്‌. ചെറുവത്തൂർ സ്വദേശി കുഞ്ഞേട്ടൻ നൽകിയ ആടിനെയും ആട്ടിൻകുട്ടിയെയും വിറ്റുകിട്ടിയ തുക കൈമാറി. ലേലത്തിൽ പങ്കെടുക്കാൻ നിരവധിപേരെത്തി.  ചിറ്റൂർ ബ്ലോക്കിലെ പള്ളിത്തെരുവ് യൂണിറ്റ് സ്ക്രാപ്പ് കലക്ഷനിലൂടെ 51,000 രൂപ സമാഹരിച്ച് സംസ്ഥാന പ്രസിഡന്റ് വി വസീഫിന് കൈമാറി. ചിറ്റൂരിലെ എച്ച് ബി ഫണ്ട് ടീം അംഗങ്ങൾ സമാഹരിച്ച 25,000 രൂപയും വി വസീഫ് ഏറ്റുവാങ്ങി.  വള്ളുവനാട്ടിലെ ചരിത്ര പ്രസിദ്ധമായ കവളപ്പാറ ആര്യങ്കാവ് ക്ഷേത്രത്തിലെ വെളിച്ചപ്പാട് ഉണ്ണികൃഷ്ണൻ നായർ ക്ഷേത്രത്തിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ വിഹിതം കൈമാറി.  തൃത്താല ബ്ലോക്കിലെ കൂടല്ലൂർ യൂണിറ്റ് കമ്മിറ്റി അതിജീവനത്തിന്റെ ചായക്കട മാതൃക സൃഷ്ടിക്കുന്നു. തൃത്താല ബ്ലോക്കിലെ കോതച്ചിറ മേഖല കമ്മിറ്റിയുടെ മീൻ വണ്ടി വേറിട്ട സമാഹരണ രീതിയാണ്.  മണ്ണാർക്കാട് ബ്ലോക്ക്‌ കമ്മിറ്റി അംഗം അനുശ്രീ, അമൽജിത് എന്നീ ദമ്പതികൾ സ്വർണ മോതിരം നൽകി. കൊല്ലങ്കോട് ബ്ലോക്കിലെ നെന്മാറ സ്വദേശി രമേഷും കുടുംബവും പെട്ടി വണ്ടി നൽകി. സിപിഐ എം ഏരിയ സെക്രട്ടറി കെ  പ്രേമൻ ഏറ്റുവാങ്ങി. പായസം ചലഞ്ച്, ബിരിയാണി ചലഞ്ച്, നാളികേര ചലഞ്ച്, പച്ചക്കറി ചലഞ്ച് എന്നിങ്ങനെ പല വഴികളിലൂടെ വയനാടിന് അതിജീവനത്തിന്റെ പാതയൊരുക്കുകയാണ് യുവജന പ്രസ്ഥാനം. Read on deshabhimani.com

Related News