ലൈവ് സ്‌റ്റോറി
പാലക്കാട് കണ്ണാടി പഞ്ചായത്തിലെ പാങ്ങോട് കളത്തൊടി വീട്ടിൽ തങ്കയ്‌ക്ക് വയസ്സ് 70. പഞ്ചായത്തിലെ മുതിർന്ന കർഷകത്തൊഴിലാളികൂടിയായ അവർക്ക് പാടത്തെ പണി ജീവിതചര്യയാണ്. അതിൽനിന്ന് ലഭിക്കുന്ന ചെറിയവരുമാനവും സംസ്ഥാന സർക്കാർ നൽകുന്ന കർഷകത്തൊഴിലാളി പെൻഷനും മാത്രമുള്ള തങ്കയ്‌ക്ക് നല്ലൊരു വീട് സ്വപ്‌നമായിരുന്നു. ഏതുകാലത്ത് നടപ്പാക്കാൻ കഴിയും എന്നുറപ്പില്ലാതെ കഴിയുമ്പോഴാണ് സംസ്ഥാന സർക്കാർ കൈത്താങ്ങായത്. സർക്കാർ പ്രഖ്യാപിച്ച ‘ലൈഫ് ഭവനപദ്ധതി’ സ്വപ്‌നങ്ങൾക്ക് സാക്ഷാത്‌കാരം നൽകിയ യാഥാർഥ്യമാണ് തങ്കയ്‌ക്കും കുടുംബത്തിനും പറയാനുള്ളത്. കണ്ണാടി പഞ്ചായത്തിൽനിന്ന് തങ്കയ്‌ക്കും മൂത്തമകൻ ചന്ദ്രനും വീട് അനുവദിച്ചു. ചന്ദ്രൻ വീട് പൂർത്തിയാക്കി താമസമാക്കി. തങ്കയുടെ വീടുനിർമാണം അവസാനഘട്ടത്തിലാണ്. ഇളയ മകൻ വേലായുധനും മരുമകൾ മല്ലികയും ഒപ്പമുണ്ട്. ലൈഫ് പദ്ധതി ഇല്ലായിരുന്നെങ്കിൽ പുതിയ വീടെന്ന സ്വപ്‌നം ഉടനൊന്നും യാഥാർഥ്യമാക്കാൻ കഴിയില്ലായിരുന്നുവെന്ന് വേലായുധനും മല്ലികയും പറഞ്ഞു. പ്രദേശത്ത് നാലുവീടുകൾ ലൈഫിലൂടെ അനുവദിച്ചിട്ടുണ്ടെന്നും പദ്ധതി പാവങ്ങൾക്ക് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാധിക്കുന്നതാണെന്നും തങ്കയും കുടുംബവും പറഞ്ഞു. Read on deshabhimani.com