ചൂട്‌ ഉയർന്നു 37.9 ഡിഗ്രി



  പാലക്കാട്‌ മഴ കുറഞ്ഞതോടെ ചൂട്‌ ഉയർന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ജില്ലയിൽ മഴ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ചത്ര മഴ പെയ്‌തില്ല. താപനില ഉയരുകയും ചെയ്‌തു. രാത്രിയും പകലും ഒരുപോലെ ചൂടുയർന്നു. ചൊവ്വാഴ്ച ജില്ലയിലെ ഉയർന്ന താപനില മലമ്പുഴ ഓട്ടോമാറ്റിക്‌ വെതർ സ്‌റ്റേഷനിൽ രേഖപ്പെടുത്തിയത്‌ 37.9 ഡിഗ്രി സെൽഷ്യസാണ്‌. മംഗലം ഡാം പരിസരത്തും മങ്കരയിലും 37.5 ഡിഗ്രിയാണ്‌ ഉയർന്ന ചൂട്‌. മണ്ണാർക്കാട്‌ 36.3, കൊല്ലങ്കോട്‌ 36.8, അടയ്‌ക്കാപുത്തൂർ 34, പട്ടാമ്പി 34.8, വണ്ണാമട 36.5, പറമ്പിക്കുളം 34.6 എന്നിങ്ങനെയാണ്‌ വിവിധ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ ചൂട്‌. ബുധൻ, വ്യാഴം ദിവസങ്ങളിൽ ജില്ലയിൽ മഞ്ഞ ജാഗ്രതയാണ്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്‌. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴയ്‌ക്കുള്ള സാധ്യതയുണ്ട്‌. ജില്ലയിൽ ഒരാഴ്‌ചയായി ശക്തമായ മഴ പെയ്‌തിട്ടില്ല. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചെറിയ മഴ മാത്രമാണ്‌ പെയ്യുന്നത്‌. ചൊവ്വ രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറിൽ പറമ്പിക്കുളത്ത്‌ മാത്രമാണ്‌ കാര്യമായി മഴ പെയ്‌തത്‌, 32 മില്ലീമീറ്റർ. മണ്ണാർക്കാട്‌ 15.4 ഉം പാലക്കാട്‌ 0.8 മില്ലീമീറ്ററും മഴ രേഖപ്പെടുത്തിയിട്ടുണ്ട്‌. തെക്കു –-പടിഞ്ഞാറൻ കാലവർഷം ജൂൺ ഒന്നുമുതൽ ആഗസ്‌ത്‌ 13 വരെ രണ്ട്‌ ശതമാനമാണ്‌ ജില്ലയിൽ അധികം ലഭിച്ചത്‌.   Read on deshabhimani.com

Related News