മെഡിക്കൽ കോളേജ് സജ്ജമാകുന്നു; മാറ്റം ഇന്നുമുതൽ
പാലക്കാട് പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടത്തിച്ചികിത്സയ്‌ക്ക് ഒരുക്കങ്ങളാവുന്നു. ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജ് ഒപിയും കിടത്തിച്ചികിത്സയും തിങ്കൾമുതൽ ഘട്ടങ്ങളായി മെഡിക്കൽ കോളേജിലേക്ക് മാറ്റും. ജനറൽ മെഡിസിൻ, ഓർത്തോപീഡിക്‌സ്, ഇഎൻടി, സൈക്യാട്രി, ജനറൽ സർജറി, പീഡിയാട്രിക്‌സ്, പൾമണോളജി തുടങ്ങിയ വിഭാഗങ്ങളിലെ ഒപിയും കിടത്തിച്ചികിത്സയുമാണ് മെഡിക്കൽ കോളേജിൽ ആദ്യഘട്ടം സാധ്യമാക്കുക. രണ്ട് ഓപ്പറേഷൻ തിയറ്ററും രണ്ട് ഐസിയുവും 120 കിടക്കകളും നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജമാണ്. ഒപി വഴി മാത്രമായിരിക്കും രോഗികളെ കിടത്തിച്ചികിത്സയ്‌ക്ക് പ്രവേശിപ്പിക്കുക. എക്‌സ്‌റേ, ലാബ് സംവിധാനം എന്നിവയുണ്ട്. അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം തുടങ്ങാനായിട്ടില്ല. ഗൈനക്കോളജി വിഭാഗം ജില്ലാ വനിതാ ശിശു ആശുപത്രിയിൽ തുടരും. സിടി സ്‌കാൻ, എംആർഐ, ബ്ലഡ് ബാങ്ക് എന്നീ സൗകര്യങ്ങൾക്കും പേവിഷ ബാധയേറ്റാലുള്ള ചികിത്സയ്‌ക്കും ഹൃദ്രോഗ ചികിത്സയ്‌ക്കും ജില്ലാ ആശുപത്രിയെതന്നെ ആശ്രയിക്കണം. പട്ടികജാതി – -വർഗ വകുപ്പിനുകീഴിൽ 2014 ലാണ് പാലക്കാട് ഗവ. മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിച്ചത്. 340 കോടി ചെലവിട്ടാണ് പ്രധാന കെട്ടിടം നിർമിച്ചത്. വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യവും ക്യാമ്പസിനുള്ളിൽതന്നെ ഒരുക്കിയിട്ടുണ്ട്. ഒപ്പം കഴിഞ്ഞ അധ്യയന വർഷം മുതൽ നഴ്‌സിങ് കോളേജും പ്രവർത്തനം തുടങ്ങി. Read on deshabhimani.com