ജില്ലാ ക്ഷീരകർഷക സംഗമം 16നും 17നും
പാലക്കാട് ജില്ലാ ക്ഷീര കർഷകസംഗമം 16, 17 തീയതികളിൽ പ്ലാച്ചിമട വർഗീസ് കുര്യൻ നഗറിൽ നടക്കും. ക്ഷീരകർഷക സെമിനാർ, കാന്നുകാലി പ്രദർശനം, അംഗങ്ങളുടെ മക്കളിൽ മികവ് തെളിയിച്ചവരെ ആദരിക്കൽ എന്നിവയുണ്ടാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊതുസമ്മേളനം 17ന് രാവിലെ 10.30ന് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ ക്ഷീരകർഷക പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീര കർഷകനുള്ള പുരസ്കാരത്തിന് മൂലത്തറ ക്ഷീര സംഘത്തിലെ ലോഗുകുമാർ അർഹനായി. നൂറ്റി എൺപതിൽപ്പരം കറവപ്പശുക്കളിൽനിന്നായി 3.90 ലക്ഷം ലിറ്റർ പാൽ അളന്നാണ് നേട്ടം സ്വന്തമാക്കിയത്. പരിശിക്കൽ ക്ഷീര സംഘത്തിലെ ലീമ റോസ്ലിൻ ഏറ്റവും കൂടുതൽ പാൽ അളന്ന വനിതാ ക്ഷീര കർഷകയായി. അറുപതോളം പശുക്കളിൽനിന്ന് 1.83 ലക്ഷം ലിറ്റർ പാലാണ് അന്നത്. വെള്ളാരങ്കൽ മേട് ക്ഷീരസംഘത്തിലെ എ രാജദുരൈയാണ് എസ്‌സി/എസ്ടി വിഭാഗത്തിൽ കൂടുതൽ പാൽ അളന്ന കർഷകൻ. കൂടുതൽ പാൽ സംഭരിച്ച ആപ്കോസ് സംഘമായി ചിറ്റൂർ ബ്ലോക്കിലെ കുന്നങ്കാട്ടുപതി ക്ഷീര സംഘത്തെയും നോൺ ആപ്കോസ്(പരമ്പരാഗത) സംഘമായി കൊല്ലങ്കോട് ബ്ലോക്കിലെ മുതലമട(കിഴക്ക്) ക്ഷീര വ്യവസായ സംഘത്തേയും തെരഞ്ഞെടുത്തു. പുരസ്കാരങ്ങൾ ക്ഷീര കർഷക സംഗമത്തിൽ വിതരണംചെയ്യും. സാംസ്കാരിക ഘോഷയാത്രയും പൊതുസമ്മേളനവും ഉണ്ടാകും. ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ ബിന്ദു, കെ സുരേഷ്, എം സതീഷ്, കെ ബാബുരാജ്, വി ഹക്കീം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com