മനസ്സുകളിൽ നിറഞ്ഞു; ഒരുമയുടെ തേരഴക്‌

നിറംചാർത്തി... കൽപ്പാത്തി രഥോത്സവത്തിന്റെ മൂന്നാം ദിനത്തിൽ കുണ്ടമ്പലത്തിന് മുന്നിലെ തേരുമുട്ടിയിൽ വിവിധ ക്ഷേത്രങ്ങളിലെ രഥങ്ങൾ സംഗമിച്ചപ്പോൾ. ഫോട്ടോ: ശരത്


  പാലക്കാട്‌ രഥസംഗമം കൺകുളിർക്കെകാണാൻ ജനസാഗരം കൽപ്പാത്തിയുടെ വഴികളിലേക്ക്‌ ഒഴുകി. അഗ്രഹാരത്തെരുവുകളിൽ ആഘോഷ മംഗളവാദ്യങ്ങൾ മുഴങ്ങി. തേരഴകിൽ പതിനായിരങ്ങൾ സാക്ഷ്യംവഹിച്ച കൽപ്പാത്തി രഥോത്സവത്തിന്‌ ശനിയാഴ്ച കൊടിയിറങ്ങും. പാലക്കാട് മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ തിരക്കിലും  രഥസംഗമം വൻ ആഘോഷമാക്കി നാട്‌.  പത്ത്‌ രാപകലുകൾ നീണ്ടുനിന്ന ഉത്സവത്തിൽ വെള്ളിയാഴ്ച വൈകിട്ട്‌ വൈകിട്ട്‌ 6.45ന്‌ എല്ലാ രഥങ്ങളും സംഗമിച്ചു. കൽപ്പാത്തി വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പ‍ഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾക്ഷേത്രം, പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ ചടങ്ങുകൾക്കൊപ്പം നാല്‌ ക്ഷേത്രങ്ങളിൽനിന്നുള്ള ആറ് രഥങ്ങൾ വെള്ളിയാഴ്‌ച ഗ്രാമവീഥിയിലൂടെ പ്രയാണം നടത്തി.  തേരുത്സവത്തിലെ ഒന്നാംദിവസം വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ  രഥം പ്രദക്ഷിണം ആരംഭിച്ചിരുന്നു.  രണ്ടാംദിവസമായ വ്യാഴാഴ്ച പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ രഥോത്സവം നടന്നു. രഥാരോഹണത്തിനുശേഷം മന്തക്കര മഹാഗണപതിയും കൽപ്പാത്തിയുടെ പ്രദക്ഷിണ വഴികളിലേക്കിറങ്ങിയിരുന്നു. വെള്ളിയാഴ്ച പഴയ കൽപ്പാത്തി ലക്ഷ്‌മീനാരായണ പെരുമാൾ, ചാത്തപുരം പ്രസന്ന മഹാഗണപതി എന്നീ രണ്ടു ക്ഷേത്രങ്ങളിൽ രഥോരോഹണശേഷം രഥങ്ങൾ പ്രയാണം ആരംഭിച്ചതോടെ ആറ് രഥങ്ങളും ഗ്രാമവീഥിയിലൂടെ പ്രയാണം നടത്തി വൈകിട്ട് തേരുമുട്ടിയിൽ സംഗമിച്ചു. ഓരോ രഥവും അഗ്രഹാരങ്ങളുടെ എല്ലാം വീഥികളിലും പ്രയാണം നടത്തി സ്വസ്ഥാനങ്ങളിൽ നിലയുറപ്പിച്ചു.  കൽപ്പാത്തി വിശാലാക്ഷീ സമേത വിശ്വനാഥസ്വാമീ ക്ഷേത്രത്തിലെ രഥം വലിക്കാൻ ആനയോടൊപ്പം ജെസിബിയും ഉപയോഗിച്ചു.     വൃശ്ചികപ്പുലരിയിൽ കൽപ്പാത്തിപ്പുഴയിൽ കുളിച്ച്‌ ശരണം വിളി ഉയരുന്നതോടെ ഈ വർഷത്തെ മണ്ഡലകാലത്തിനും ശനിയാഴ്ച തുടക്കമാകും. ശനി പകൽ 10നും 11നും ഇടയ്‌ക്ക്‌ രഥോത്സവത്തിന്‌ കൊടിയിറങ്ങും. Read on deshabhimani.com

Related News