ആർത്തലച്ച് കാലവർഷം
പാലക്കാട് കാലവർഷം കനത്തതോടെ ദുരിതപ്പെയ്‌ത്തും തുടങ്ങി. ജില്ലയിൽ മൂന്നുപേർ മരിച്ചു. കഴിഞ്ഞദിവസം ഒഴുക്കിൽപ്പെട്ട് കാണാതായയാൾക്കായി തിരച്ചിൽ തുടരുന്നു. വടക്കഞ്ചേരി കണ്ണമ്പ്രയിൽ വീടിന്റെ ചുവരിടിഞ്ഞുവീണ് സുലോചന (70), മകൻ രഞ്ജിത്ത് (32) എന്നിവർ മരിച്ചു. അലനല്ലൂരിൽ രണ്ടുദിവസ മുമ്പ് കാണാതായ യൂസഫിന്റെ (55) മൃതദേഹം പുഴയിൽ കണ്ടെത്തി. ആലത്തൂർ ചിറ്റിലഞ്ചേരിയിൽ പുഴയിലിറങ്ങിയ ആൾക്കായി തിരച്ചിൽ തുടരുന്നു. ചിറ്റൂർപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലുപേർ നടുക്കുള്ള പാറയിൽ കുടുങ്ങി. അഗ്നിരക്ഷാസേനയും പൊലീസും ഇവരെ സാഹസികമായി രക്ഷപ്പെടുത്തി. കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ രമേശനെ അഗ്നിരക്ഷാസേന രക്ഷിച്ചു. അട്ടപ്പാടിയിൽ ഭവാനിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു. പല പാലങ്ങളും വെള്ളത്തിനടിയിലായി. ജില്ലയിൽ ശക്തമായ മഴയിൽ 13 വീട് തകർന്നു. മണ്ണാർക്കാട് –-അഞ്ച്, കുഴൽമന്ദം–- ആറ്, വടക്കഞ്ചേരി–- രണ്ട് എന്നിങ്ങനെയാണ് വീടുകൾ തകർന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്‌ച കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. ട്യൂഷൻ കേന്ദ്രങ്ങൾ, മദ്രസകൾ, കിൻഡർ ഗാർഡൻനുകൾ ഉൾപ്പെടെ ക്ലാസുകൾ ഒഴിവാക്കണം. മേഖല, ജില്ലാതലങ്ങളിൽ പാഠ്യ പാഠ്യേതര പരിപാടികൾ നടത്തുന്നുവെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങണം. Read on deshabhimani.com