3 ദിവസംകൂടി മഞ്ഞ ജാഗ്രത
പാലക്കാട് ജില്ലയിൽ മഴ ശക്തമായി തുടരുന്നു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ജില്ലയിൽ മഞ്ഞ ജാഗ്രതയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൊവ്വ രാവിലെ എട്ടരവരെയുള്ള 24 മണിക്കൂറിൽ വിവിധ കേന്ദ്രങ്ങളിലായി ശരാശരി 97.46 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. ഈ സീസണിൽ ഒരുദിവസം പെയ്‌ത ഏറ്റവും കൂടിയ മഴയാണിത്. ചൊവ്വാഴ്‌ച മഞ്ഞ ജാഗ്രതയാണ് നേരത്തെ പ്രവചിച്ചിരുന്നതെങ്കിലും മഴ കനത്തതോടെ ഓറഞ്ച് ജാഗ്രതയിലേക്ക് മാറി. ഏറ്റവും കൂടുതൽ മഴ പെയ്‌തത് ആലത്തൂരിലാണ്–- 120 മില്ലീമീറ്റർ. കൊല്ലങ്കോട്–- 118.6, ചിറ്റൂർ–- 111, ഒറ്റപ്പാലം–- 110, തൃത്താല–- 100.2, പാലക്കാട്–- 92.8, പറമ്പിക്കുളം–- 80, മണ്ണാർക്കാട്–- 76.6, പട്ടാമ്പി–- 68 മില്ലീമീറ്റർ എന്നിങ്ങനെയും പെയ്‌തു. മഴക്കുറവ് 14 ശതമാനം മാത്രമായി. ജൂൺ ഒന്നു മുതൽ ജൂലൈ 15 വരെ 739.1 മില്ലീമീറ്റർ മഴ പെയ്യേണ്ടിടത്ത് കിട്ടിയത് 639 മില്ലീമീറ്റർ മാത്രം. മഴ ശക്തമാകാൻ തുടങ്ങിയ ശനിയാഴ്‌ച ജില്ലയിൽ 29 ശതമാനമായിരുന്നു മഴക്കുറവ്. എന്നാൽ മൂന്നുദിവസത്തിനിടെ 14 ശതമാനത്തിലേക്കായി. സാധാരണ ജൂൺ ഒന്നുമുതൽ സെപ്‌തംബർ 30 വരെയുള്ള സീസണിൽ ജില്ലയിൽ ശരാശരി പെയ്യേണ്ടത് 1556.1 മില്ലീമീറ്റർ മഴയാണ്. Read on deshabhimani.com