തമിഴ്‌നാട്ടിലെ റേഷനരി കടത്തുസംഘങ്ങൾ വീണ്ടുമെത്തി
സ്വന്തം ലേഖകൻ ചിറ്റൂർ റേഷനരി അതിർത്തി കടന്നാൽ ബ്രാൻഡുകളായി മാറുന്നു. തമിഴ്നാട്ടിൽ സൗജന്യമായും സൗജന്യനിരക്കിലും നൽകുന്ന അരിയാണ് പൊന്നിയരിയായി വിപണിയിലെത്തുന്നത്. തമിഴ്നാട്ടിൽ പരിശോധന കർശനമാക്കിയപ്പോൾ കടത്ത് കുറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ പഴയനിലയിലാണ്. ചൊവ്വാഴ്ച കൊഴിഞ്ഞാമ്പാറ ആലമ്പാടിയിലെ മില്ലിൽനിന്ന് 6,600 കിലോ അരിയാണ് പിടികൂടിയത്. തമിഴ്നാട്ടിലെ വീടുകളിൽനിന്നും റേഷൻ കടകളിൽനിന്നും ഇടനിലക്കാർവഴി അഞ്ചുമുതൽ പത്തുവരെ രൂപയ്ക്ക് അരി ശേഖരിക്കുന്നു. കേരളത്തിലെത്തിയാൽ 40–- 50 രൂപവരെയാണ് വില. ഇരുസംസ്ഥാനങ്ങളിലും പ്രത്യേക ലോബികൾ പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ മില്ലുകളിലെത്തിച്ച് അസംസ്കൃത വസ്തുക്കൾ ചേർത്ത് പോളിഷ് ചെയ്യുന്നു. ശേഷം ബ്രാൻഡുകളുടെ പേരിട്ട് വിപണിയിലേക്ക് എത്തിക്കും. ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയതോടെ ഊടുവഴികളിലൂടെയാണ് കടത്ത്. പൊലീസ് പിടിച്ചാൽ സപ്ലൈ ഓഫീസർക്ക് കൈമാറും. പരിശോധനയിൽ റേഷനരിയാണെന്ന് തെളിഞ്ഞാൽ സപ്ലൈ ഓഫീസർ കലക്ടർക്ക് റിപ്പോർട്ട് നൽകും. ശേഷമാണ് നടപടി. Read on deshabhimani.com