കോൺഗ്രസിലെ മതനിരപേക്ഷവാദികളിൽ ആശങ്ക
പാലക്കാട് കടുത്ത വർഗീയ നിലപാടുള്ള സംഘപരിവാർ നേതാവ് പാർടിയിൽ വന്നതോടെ കോൺഗ്രസിലെ മതനിരപേക്ഷവാദികളിൽ ആശങ്ക. ബിജെപിയും- ആർഎസ്‌എസും ഉയർത്തുന്ന വർഗീയതയോ, അതിന്റെ നിലപാടുകളോ സന്ദീപ് വാര്യർ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. തികച്ചും വ്യക്തിപരമായ കാരണങ്ങളാൽ കുറച്ചുകാലമായി പാർടിയിൽനിന്ന് അകന്നുനിൽക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അമ്മ മരിച്ചപ്പോൾ ഒരു ബിജെപി നേതാവും ആശ്വസിപ്പിക്കാൻ വീട്ടിലെത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ബിജെപി കൺവൻഷനിൽ സീറ്റ് കിട്ടാതെവന്നപ്പോൾ ക്ഷോഭിച്ച് സ്ഥലംവിട്ടതായി വാർത്തയും വന്നു. കുറച്ചുകാലമായി അകന്നുനിൽക്കുന്ന തന്നെ അനുനയിപ്പിക്കാൻ നേതൃത്വം എത്തുമെന്ന് സന്ദീപ്‌വാര്യർ പ്രതീക്ഷിച്ചു. ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രഖ്യാപനശേഷം ഒരു മാസത്തിനിടെ ഒമ്പത് നേതാക്കൾ വിട്ടുപോയ കോൺഗ്രസിന് ഇപ്പോൾ ജീവവായു വേണം. ഈ അവസ്ഥയിൽ സന്ദീപ് വാര്യരെ എത്തിക്കുകയെന്നത് കോൺഗ്രസിന്റെമാത്രം ആവശ്യമായിരുന്നു. എന്നാൽ സന്ദീപ് വാര്യർ ഒരിക്കലും വർഗീയനിലപാടുകളെ തള്ളിപ്പറയുന്നില്ല. പാലക്കാട് ജില്ലാ അതിർത്തിയിൽ ഒരു കാട്ടാന ചരിഞ്ഞപ്പോൾ അത് മലപ്പുറത്താണെന്ന് പറഞ്ഞ് ആ ജില്ലയെ ആക്ഷേപിച്ചയാളാണ് അദ്ദേഹം. ‘പാകിസ്ഥാനിലേക്ക് പോകാൻ ആഗ്രഹിക്കുന്ന കശ്‌മീരികളെ കൂട്ടക്കൊല ചെയ്‌ത് കുഴിച്ചുമൂടുക, മൂവായിരം നാലായിരം എണ്ണത്തിനെ കഴുത്തിൽ ടയർ ഇട്ട് കത്തിച്ചുകൊല്ലണം. ബാക്കിയുള്ളവർ തന്നെ ഒതുങ്ങിക്കൊള്ളും. അനുഭവം ഗുരു’ എന്ന് ഗുജറാത്ത് വംശഹത്യയെ പരോക്ഷമായി സൂചിപ്പിച്ച് സന്ദീപ് വാര്യർ ഇട്ട പോസ്‌റ്റ് ഇപ്പോഴും പ്രചരിക്കുന്നുണ്ട്. ഗാന്ധിജിയെ ചെറുതായൊന്ന് വെടിവച്ചുകൊന്നതാണ് ഗോഡ്‌സെ ചെയ്‌ത തെറ്റെന്ന് പറഞ്ഞയാളാണ് സന്ദീപ് വാര്യർ. അദ്ദേഹം ഇടതുപക്ഷത്തേക്ക് പോകുമെന്ന സൂചന വന്നപ്പോൾ ഒരു ചാനൽ നടത്തിയ ചർച്ചയുടെ തലക്കെട്ട് ‘വാര്യരുടെ കാവി എങ്ങനെ ചുവപ്പിക്കാം’ എന്നായിരുന്നു. സരിനെപോലെയല്ല സന്ദീപ്, അതിനുസിപിഐ എം മറുപടിപറയേണ്ടി വരും എന്നും പറഞ്ഞുവച്ചു. എന്നാൽ, കോൺഗ്രസിലേക്ക് എത്തിയപ്പോൾ സർജിക്കൽ സ്‌ട്രൈക്കിലൂടെ സന്ദീപ് വാര്യരെ കൈക്കലാക്കി കോൺഗ്രസ് എന്നായി കമന്റ്. കോൺഗ്രസ് നേതാവായിരുന്ന ഡോ. പി സരിൻ കോൺഗ്രസ്–- ബിജെപി ഡീൽ ഉയർത്തിക്കാട്ടിയാണ് പാർടി ബന്ധം ഉപേക്ഷിച്ചതെങ്കിൽ സന്ദീപ് വാര്യർ മതവർഗീയ നിലപാടുകൾ ഉപേക്ഷിക്കാതെയാണ് കോൺഗ്രസിൽ എത്തിയത്. ഇതാണ് കോൺഗ്രസിലെ മതനിരപേക്ഷവാദികളെ ആശങ്കയിലാക്കുന്നത്. Read on deshabhimani.com