രക്ഷാസേനയിലെ മൺസൂൺ ഫയർ

മുനിസിപ്പൽ ബസ് സ്റ്റാൻഡിന് മുന്നിലെ ടാക്സി സ്റ്റാൻഡിന് മുകളിലേക്ക് വീണ മരം നീക്കാനെത്തിയ അഗ്നിരക്ഷാ സേനയിലെ ഫയർ വുമൺ ശ്രുതി സ്വാമിനാഥൻ


  പാലക്കാട്‌ കോരിച്ചൊരിയുന്ന മഴ, രക്ഷാദൗത്യത്തിന്റെ കുപ്പായമിട്ടിരുന്ന ശ്രുതിയുടെ മുന്നിലെ ഫോണിലേക്ക്‌ വ്യാഴാഴ്‌ചത്തെ ആദ്യ വിളിയെത്തി. ‘പാലക്കാട്‌ മുനിസിപ്പൽ സ്റ്റാൻഡിന്‌ സമീപം മരം കടപുഴകി വീണു’–- വിളിച്ചയാൾ ഫോൺ അവസാനിപ്പിക്കുംമുമ്പ്‌ അഗ്നിരക്ഷാ വാഹനത്തിന്റെ സൈറൺ മുഴങ്ങി. സഹപ്രവർത്തകർക്കൊപ്പം ശ്രുതിയും മുനിസിപ്പൽ സ്‌റ്റാൻഡിലേക്ക്‌ കുതിച്ചു. പ്രതീക്ഷിച്ചതിലുമപ്പുറം കൂറ്റൻമരമാണ്‌ വീണത്‌. മണിക്കൂറുകളുടെ അധ്വാനത്തിൽ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ദൗത്യത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ച ശ്രുതിക്ക്‌ സഹപ്രവർത്തകരുടെ അഭിനന്ദനം. അഗ്നിരക്ഷാസേനയിലെ ആദ്യ ഫയർ വുമൺ ബാച്ചിലെ അംഗമായ മുതലമട സ്വദേശി ശ്രുതി സ്വാമിനാഥൻ പങ്കെടുത്ത പ്രധാന ദൗത്യമായിരുന്നു ഇത്‌. സഹപ്രവർത്തകരുടെ അഭിനന്ദനം അംഗീകാരമായിക്കണ്ട്‌ അവൾ നിറഞ്ഞ്‌ ചിരിച്ചു.   ബിഎഡും പിജിയും കഴിഞ്ഞ്‌ മുതലമട ഹയർ സെക്കൻഡറി സ്‌കൂളിൽ ഗസ്‌റ്റ്‌ അധ്യാപികയായിരിക്കെയാണ്‌ പിഎസ്‌സി പരീക്ഷയ്‌ക്ക്‌ തയ്യാറെടുത്തത്‌. ഫയർ ആൻഡ്‌ റെസ്‌ക്യു ഓഫീസർ തസ്‌തികയിൽ ജില്ലയിൽനിന്ന്‌ രണ്ടാം റാങ്കിന്റെ അവകാശിയായി. തൃശൂരിൽ ആറുമാസം അടിസ്ഥാന പരിശീലനം. വനിതാദിനത്തിന്‌ മുന്നോടിയായി മാർച്ച്‌ ഏഴിന്‌ പാസിങ്‌ഔട്ട്‌ പരേഡ്‌. ആറുമാസം സ്‌റ്റേഷൻ പരിശീലനത്തിന്റെ ഭാഗമായി മാർച്ച്‌ അവസാനത്തോടെ പാലക്കാട്‌ ജോലിയിൽ പ്രവേശിച്ചു. ശ്രുതിക്കൊപ്പം ആദ്യ ഫയർ വുമൺ ബാച്ചിൽ ഐശ്വര്യ(പല്ലശന), അനുഷ (കുനിശേരി), സുചിത്ര (കരിപ്പോട്‌) എന്നിവരും ഉണ്ടായിരുന്നു.  സ്‌റ്റേഷനിലേക്ക്‌ വരുന്ന കോളുകൾക്ക്‌ മറുപടി നൽകലായിരുന്നു ആദ്യ ചുമതല.  ഇതുവരെ 24 കോളുകൾ ശ്രുതി അറ്റൻഡ്‌ ചെയ്‌തു. തീപിടിത്ത കേസുകളായിരുന്നു തുടക്കത്തിൽ. മഴക്കാലമായതോടെ സ്‌കൂബാ, മരംമുറി കേസുകളാണ്‌ അധികവും. ടിവിയിൽ മാത്രം കണ്ട രക്ഷാപ്രവർത്തനങ്ങളിൽ നേരിട്ട്‌ പങ്കാളിയായപ്പോഴാണ്‌ അതിലെ ബുദ്ധിമുട്ടുകൾ മനസ്സിലായതെന്ന്‌ ശ്രുതി പറയുന്നു. സെപ്‌തംബറിൽ  പരിശീലനം പൂർത്തിയാകും. മുതലമട കമലാഭവനിൽ കർഷകരായ സ്വാമിനാഥന്റെയും രമണിയുടെയും മകളാണ്‌. അഞ്ജുവും ആദർശുമാണ്‌ സഹോദരങ്ങൾ. Read on deshabhimani.com

Related News