ദേശീയപാതയിലെ കവർച്ച; പ്രതികളിലൊരാൾ പിടിയിൽ

പ്രതി സിജോൺ


പുതുശേരി മലപ്പുറം സ്വദേശികളുടെ കാർ തടഞ്ഞ് യാത്രക്കാരെ ആക്രമിച്ച് നാലരക്കോടി രൂപ കള്ളപ്പണം കവർന്ന സംഘത്തിലെ പ്രതികളിലൊരാളെ കസബ പൊലീസ് പിടികൂടി. തൃശൂർ പള്ളിക്കുന്ന് വരന്തരപ്പിള്ളി സിജോണി(ഒട്ടകം സിജോൺ–-41)നെയാണ്‌ ചാലക്കുടി ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ മേലൂരിൽനിന്ന്‌ അറസ്റ്റ് ചെയ്തത്. പുതുശേരി നരകംപുള്ളി പാലത്തിൽ 2023 ജൂലൈ 29നായിരുന്നു കേസിനാസ്‌പദമായ സംഭവം. ബംഗളൂരുവിൽനിന്ന് വരികയായിരുന്ന അടയ്ക്ക വ്യാപാരികളെ പിന്തുടർന്ന് യാത്രക്കാരെ തട്ടിക്കൊണ്ടുപോയാണ്‌ പണം കവർന്നത്‌. പിന്നീട്‌ ഇവരെ തൃശൂരിൽ ഉപേക്ഷിച്ചു. കേസിൽ ഇതുവരെ 14 പേർ പിടിയിലായി. സിജോൺ പാലക്കാട് നോർത്ത്, വയനാട്, തമിഴ്നാട്ടിലെ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിരവധി കേസുകളിൽ പ്രതിയാണ്. വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ രഹസ്യ നീക്കത്തിനൊടുവിലാണ് പിടിച്ചത്. ദേശീയപാതയിൽ നടത്തിയ കവർച്ചയിൽ 25 ലക്ഷം പ്രതിഫലമായി കിട്ടിയതായി പ്രതി സമ്മതിച്ചു.  കസബ ഇൻസ്‌പെക്ടർ വി വിജയരാജൻ, എസ്ഐമാരായ എച്ച് ഹർഷാദ്, എ അനിൽകുമാർ, സുനിൽകുമാർ, എസ്‌സിപിഒമാരായ ആർ രാജീദ്, പി എസ് സിജി, അശോക്, ജി അൻസിൽ, അബ്ദുൽ റസാഖ്, ഡ്രൈവർ പ്രിൻസ്, ഹോം ഗാർഡ് മോഹൻദാസ്, സുധീർ ബാബു എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്‌. സിജോണിനെ കോടതി റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News