തദ്ദേശ അദാലത്ത് നാളെ
പാലക്കാട് സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നാലാം നൂറ് ദിന പരിപാടിയുടെ ഭാഗമായി തിങ്കളാഴ്‌ച ജില്ലാ തദ്ദേശ അദാലത്ത് സംഘടിപ്പിക്കും. മണപ്പുള്ളിക്കാവിലെ കോസ്‌മോപൊളിറ്റൻ ക്ലബ്ബിൽ രാവിലെ 9.30 മുതൽ മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിലാണ് അദാലത്ത്. തദ്ദേശവകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ പരാതികൾ തീർപ്പാക്കുകയാണ് ലക്ഷ്യം. പ്രത്യേക കൗണ്ടർ വഴി അദാലത്ത് ദിവസം നേരിട്ടും പരാതി നൽകാം. adalat.lsgkerala. gov.in പോർട്ടൽ വഴി ലഭിച്ച പരാതികൾ കൈകാര്യം ചെയ്യാനും കൗണ്ടറുകൾ സജ്ജീകരിക്കും. പോർട്ടൽ മുഖേന മുൻകൂറായി പരാതി നൽകിയ അപേക്ഷകന് പരാതി നമ്പർ, ഉപജില്ല സമിതി നമ്പർ എന്നിവ ഉൾപ്പെടുത്തിയ ക്രമനമ്പർ സഹിതമുള്ള ടോക്കൺ കൊടുക്കും. നേരിട്ട് പരാതി സമർപ്പിക്കുന്ന അപേക്ഷകനും കൗണ്ടർ വഴി പരാതി നമ്പർ, ക്രമനമ്പർ എന്നിവയുള്ള ടോക്കൺ നൽകും. തദ്ദേശസ്ഥാപന സെക്രട്ടറി പരാതി പരിശോധിച്ച് ഉപജില്ലാ സമിതിക്ക് കൈമാറും. ഉപജില്ല, ജില്ല, സംസ്ഥാനസമിതികൾ മുമ്പാകെയെത്തിയ പരാതികളിൽ മന്ത്രിയുടെ ഭാഗത്തുനിന്ന് തീർപ്പുണ്ടാകും. ഇത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ ലോഗിനിൽ എത്തി അന്തിമ ഉത്തരവാക്കി സർട്ടിഫിക്കറ്റ് ഡെലിവറി കൗണ്ടറിൽ ലഭിക്കും. അപേക്ഷകർക്ക് ഉത്തരവുകൾ ടോക്കൺ ക്രമത്തിൽ സർട്ടിഫിക്കറ്റ് കൗണ്ടറിൽനിന്ന് കൈപ്പറ്റാം. ലൈഫ്, അതിദാരിദ്ര്യം, ജീവനക്കാരുടെ വിഷയങ്ങൾ ഒഴിച്ചുള്ള 11 വിഷയങ്ങളാണ് തദ്ദേശ അദാലത്തിൽ പരിഗണിക്കുക. ഫോൺ-: 0491-2 505155, 2505199. Read on deshabhimani.com