ഓണപ്പാച്ചിലിൽ ലക്ഷപ്രഭു



പാലക്കാട്‌  ഓണാവധിക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്രകൾക്ക്‌ പൊതുഗതാഗതത്തെ ജനം ഏറ്റെടുത്തപ്പോൾ വരുമാനത്തിൽ കെഎസ്‌ആർടിസിക്ക്‌ ലക്ഷങ്ങളുടെ തിളക്കം. പ്രത്യേക സർവീസുകൾ ഉൾപ്പെടെ 67 ലക്ഷവും മൂന്നുദിവസത്തെ ബജറ്റ്‌ ടൂറിസം പാക്കേജിലൂടെ 2.29 ലക്ഷവുമാണ്‌ വരുമാന ഇനത്തിൽ പാലക്കാട്‌ ഡിപ്പോ നേടിയെടുത്തത്‌.   വെള്ളിയാഴ്‌ച 91 ട്രിപ്പുകളിൽനിന്നായി 20,96,896 രൂപയും ഉത്രാടദിനമായ ശനിയാഴ്‌ച 99 ട്രിപ്പുകളിൽനിന്ന്‌ 26,38,733 രൂപയും തിരുവോണദിനത്തിൽ 80 ട്രിപ്പിൽനിന്ന്‌ 19,68,652 രൂപയുമാണ്‌ നേടിയത്‌. ഓണം പ്രമാണിച്ച്‌ പ്രത്യേക സർവീസുകൾ ആരംഭിച്ചതിനാലാണ്‌ വരുമാനം ഉയർത്താൻ കഴിഞ്ഞത്‌. എറണാകുളം, തൃശൂർ, കോഴിക്കോട്‌, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കായിരുന്നു പ്രത്യേക സർവീസ്‌.    മനോഹര യാത്രകളിലൂടെ ഓണം അടിച്ചുപൊളിക്കാൻ കുറഞ്ഞ ചെലവിൽ കിടിലൻ പാക്കേജുകളുമായിട്ടാണ്‌ ബജറ്റ്‌ ടൂറിസം അവതരിപ്പിച്ചത്‌. ഓണയാത്രയെ സഞ്ചാരികൾ ഏറ്റെടുത്തതോടെ നാല്‌ ട്രിപ്പിൽനിന്ന്‌ 2.29 ലക്ഷം രൂപ മൂന്നുദിനംകൊണ്ട്‌ സമാഹരിക്കാനായി. നെല്ലിയാമ്പതി, സൈലന്റ്‌വാലി, മലക്കപ്പാറ, കപ്പൽ യാത്ര എന്നിവയിലൂടെയായിരുന്നു വരുമാനം. ഒമ്പത്‌ യാത്രകളാണ്‌ ആസൂത്രണം ചെയ്‌തിരുന്നതെങ്കിലും സഞ്ചാരികളുടെ ആവശ്യപ്രകാരം വർധിപ്പിച്ചു. പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം, മൂന്നാർ, വിവിധ വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിലേക്കാണ്‌ തുടർന്നുള്ള യാത്രകൾ. പാക്കേജ്‌ അവസാനിക്കുമ്പോൾ അഞ്ച്‌ ലക്ഷത്തിനുപുറത്ത്‌ വരുമാനം നേടിയെടുക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ ബജറ്റ്‌ ജില്ലാ കോ–-ഓർഡിനേറ്റർ സി ഇന്ദുലാൽ പറഞ്ഞു. Read on deshabhimani.com

Related News