മലമ്പുഴ തന്നെ ടോപ്‌



പാലക്കാട്‌  ഓണത്തെ വരവേൽക്കാൻ വിനോദസഞ്ചാര കേന്ദ്രങ്ങൾ അണിഞ്ഞൊരുങ്ങിയപ്പോൾ ഒഴുകിയെത്തിയത്‌ ആയിരങ്ങൾ. ജില്ലയിൽ ഏറ്റവും കൂടുതൽപേർ എത്തിയത്‌ മലമ്പുഴയിൽ. ഉത്രാടദിനത്തിൽ ഒന്നരലക്ഷം പ്രവേശന വരുമാനം നേടി. തിരുവോണദിനത്തിൽ 3,28,000 രൂപയായിരുന്നു വരുമാനം. നാല് ദിവസം കൊണ്ട് 14,58,000 രൂപയാണ് വരുമാനം. കവ, തെക്കേ മലമ്പുഴ എന്നിവിടങ്ങളിലും തിരക്കായിരുന്നു. നെല്ലിയാമ്പതിയിൽ 3,500 വാഹനമാണ്‌ വനംവകുപ്പിന്റെ ചെക്ക്‌പോസ്‌റ്റ്‌ കടന്നെത്തിയത്‌. മഴക്കാലത്ത്‌ ഉരുൾപൊട്ടലിൽ ഗതാഗതം മുടങ്ങിയ നെല്ലിയാമ്പതി റോഡ്‌ യുദ്ധകാലാടിസ്ഥാനത്തിലാണ്‌ പുനർനിർമിച്ച്‌ ഓണത്തിനുമുന്നേ തുറന്നുകൊടുത്തത്‌. ഓറഞ്ചുതോട്ടത്തിൽ തിങ്കളാഴ്‌ച 2,007 പേരും ചൊവ്വാഴ്‌ച 1,771 പേരും സന്ദർശകരായെത്തി. 84,760 രൂപ പ്രവേശന ഫീസിനത്തിൽ ലഭിച്ചു. ഫാമിലെ മൂല്യവർധിത ഉൽപ്പന്നങ്ങൾ വിറ്റ വകയിൽ രണ്ടുലക്ഷത്തോളം വരുമാനം നേടിയെന്ന്‌ ഫാം സൂപ്രണ്ട്‌ പി സാജിദലി പറഞ്ഞു. ചൊവ്വാഴ്‌ച 92,000 രൂപയുടെ സാധനങ്ങൾ വിറ്റഴിച്ചു. അയ്യായിരത്തിലധികം പേർ പോത്തുണ്ടി അണക്കെട്ട്‌ കാണാനെത്തി. പ്രവേശന ഫീസിനത്തിൽ 93,375 രൂപ ലഭിച്ചു. രണ്ടുദിവസങ്ങളിലായി കാഞ്ഞിരപ്പുഴ ഉദ്യാനം സന്ദൾശിച്ചവർ 5,454 പേർ. ടിക്കറ്റ്‌ ഇനത്തിൽ 1,50,840 രൂപ വരുമാനം നേടി. വിനോദസഞ്ചാര വകുപ്പ്‌, ടൂറിസം പ്രൊമോഷൻ കൗൺസിൽ, ജില്ലാ ഭരണകേന്ദ്രം എന്നിവ ചേർന്ന്‌ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളിൽനിന്ന്‌ ലഭിച്ച തുക വയനാടിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുവേണ്ടിയാണ്‌ വിനിയോഗിക്കുന്നത്‌. Read on deshabhimani.com

Related News