അർഹതപ്പെട്ടത് തടഞ്ഞാലും യുഡിഎഫ് തെറ്റെന്ന് പറയില്ല: മുഖ്യമന്ത്രി
പാലക്കാട് ബിജെപി സർക്കാർ കേരളത്തിന് അർഹതപ്പെട്ടവ തടയുന്ന സന്ദർഭങ്ങളിലൊന്നും യുഡിഎഫും കോൺഗ്രസും അത് തെറ്റെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി നിലപാടിനെ ന്യായീകരിച്ച് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. പാലക്കാട്ട് തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018ലെ മഹാപ്രളയകാലത്തും ഇപ്പോൾ ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിലും കേരളത്തിന് അർഹതപ്പെട്ട സഹായം കേന്ദ്രം തടഞ്ഞു. സാമൂഹ്യപെൻഷൻ വിതരണത്തിലും അതാണ് സംഭവിച്ചത്. പെൻഷൻ എല്ലാമാസവും നൽകാനാണ് പെൻഷൻ കമ്പനി രൂപീകരിച്ചത്. 2016ന് മുമ്പ് യുഡിഎഫ് സർക്കാർ നൽകിയത് 600 രൂപയാണ്. ഒന്നരവർഷം കുടിശ്ശികയും വരുത്തി. കുടിശ്ശിക തീർത്ത് നൽകാനാണ് എൽഡിഎഫ് സർക്കാരിന്റെ ആദ്യമന്ത്രിസഭായോഗം തീരുമാനിച്ചത്. അറുനൂറിൽനിന്ന് ഇപ്പോൾ 1600 രൂപയായി വർധിപ്പിച്ചു. 60 ലക്ഷം ആളുകൾക്കാണ് പെൻഷൻ കിട്ടുന്നത്. സാമ്പത്തികമായി ഞെരുക്കിയാലും പെൻഷൻ കുടിശ്ശികയില്ലാതെ എല്ലാമാസവും കൊടുക്കാനാണ് സർക്കാർ തീരുമാനം. വികസനം എല്ലാവരിലുമെത്തണമെന്നതാണ് സർക്കാർ നിലപാട്. സ്‌കൂളുകളും ആശുപത്രികളും പാലങ്ങളും റോഡുകളുമെല്ലാം കിഫ്‌ബി പദ്ധതിയിലൂടെ പടുത്തുയർത്തി. നാടിനെ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്ക് കൊണ്ടുപോകും. 2025 നവംബർ ഒന്നിന് കേരളം അതിദരിദ്രരില്ലാത്ത നാടായി മാറും. കോൺഗ്രസ് തുടക്കമിട്ട, നരേന്ദ്രമോദി തുടരുന്ന നവ ഉദാരവൽക്കരണ നയത്തിനെതിരെ ബദൽ നയം സൃഷ്ടിച്ചാണ് കേരളം മുന്നേറുന്നത്. ഉന്നതവിദ്യാഭ്യാസമേഖലയുടെ ഏറ്റവുംവലിയ ഹബ്ബായി കേരളം മാറി. നാക് അക്രഡിറ്റേഷനുള്ള എട്ട് സർവകലാശാലകളും 359 കോളേജുകളും ഇവിടുണ്ട്. കേരള, എംജി സർവകലാശാലകൾ എ പ്ലസ് പ്ലസ് ഗ്രേഡ് നേടി. ആധുനിക വിജ്ഞാന ഉൽപ്പാദന കേന്ദ്രമായി നാട് വളരും. യുവജനങ്ങളും അതാണ് ആഗ്രഹിക്കുന്നത് –-മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com