മുച്ചക്രത്തിൽ തളിരിടും 
ശ്രീനിവാസന്റെ ജീവിതം

ശ്രീനിവാസൻ ജില്ലാ പഞ്ചായത്ത്‌ നൽകിയ സ്‌കൂട്ടറിൽ


പാലക്കാട്‌ ഡോക്‌ടറുടെ കൈപ്പിഴയിലാണ്‌ ശ്രീനിവാസന്റെ ജീവിതയാത്രയ്ക്ക്‌ പാതിവഴിയിൽ വേഗം കുറഞ്ഞത്‌. വഴിമുട്ടിയ ജീവിതത്തിന്‌ പ്രതീക്ഷയോടെ മുന്നോട്ടു കുതിക്കാൻ മുച്ചക്രം സ്വന്തമായപ്പോൾ ആലത്തൂർ പുള്ളോട്‌ സ്വദേശിയുടെ സന്തോഷത്തിന്‌ അതിരുകളില്ല. ജില്ലാ പഞ്ചായത്ത്‌ ഫണ്ടിൽനിന്നാണ്‌ മുച്ചക്ര സ്‌കൂട്ടർ ലഭിച്ചത്‌. ലോട്ടറി വിറ്റ്‌ ഉപജീവനം നയിക്കാനാണ്‌ തീരുമാനം. ഒപ്പം തന്റെ ദുസ്ഥിതിക്ക്‌ കാരണക്കാരനായ ഡോക്‌ടർക്കെതിരെ നിയമപോരാട്ടവും തുടരണം. തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ശ്രീനിവാസൻ. ഷൂസ്‌ ധരിച്ചതിനെ തുടർന്ന്‌ കാലിലുണ്ടായ മുറിവിന്‌ ചികിത്സ തേടി 2012ലാണ്‌ തൃശൂർ സഹകരണ ആശുപത്രിയിൽ എത്തിയത്‌. സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ്‌ കാർഡ്‌ ഉള്ളതിനാൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം വിസിറ്റിങ്‌ ഡോക്‌ടർ കിടത്തി ചികിത്സ നിർദേശിച്ചു. 2012 ഡിസംബറിൽ ശസ്‌ത്രക്രിയക്ക്‌ വിധേയമാക്കി. ഡോക്‌ടറുടെ ചികിത്സാപ്പിഴവിൽ മൂന്നു ഞരമ്പുകൾ അറ്റുപോയെന്ന്‌ ശ്രീനിവാസൻ പറഞ്ഞു. പന്ത്രണ്ട്‌ വർഷമായി ദുരിതത്തിലാണ്‌. കാലുകൾ നീരുവന്നു വീർത്തു. മുറിവുകൾ ഉണങ്ങിയിട്ടില്ല. നടക്കാനും കഴിയില്ല. സ്വന്തമായി വീടോ ഭൂമിയോ ഇല്ല. ജോലിക്കു കൂടി പോകാൻ കഴിയാതായതോടെ ജീവിതം വഴിമുട്ടി. സ്വകാര്യ ആശുപത്രി ജീവനക്കാരിയായിരുന്ന ഭാര്യ മംഗമ്മയ്‌ക്ക്‌ ഭർത്താവിനെ തനിച്ചാക്കി ജോലിക്ക്‌ പോകാനും കഴിയാത്ത സ്ഥിതിയായി. ക്ഷമാപണം നടത്തിയ ഡോക്‌ടർ മൂന്നുവർഷംവരെ സഹകരിച്ചു. ക്രമേണ പിൻവലിഞ്ഞു. പിന്നീടാണ്‌ നിയമസഹായം തേടിയത്‌. മുമ്പ്‌ ഹെവി വാഹനങ്ങളുടെ ഡ്രൈവറായും ശ്രീനിവാസൻ ജോലി ചെയ്‌തിരുന്നു. ജീവിതപ്രയാസങ്ങൾക്കിടയിൽ മുച്ചക്രവാഹനം നൽകി സഹായിച്ച ജില്ലാ പഞ്ചായത്ത്‌ അധികൃതരോട്‌ നന്ദിയും പറഞ്ഞായിരുന്നു മടക്കം. Read on deshabhimani.com

Related News