രായിരനെല്ലൂർ മലകയറി പതിനായിരങ്ങൾ
പട്ടാമ്പി പന്തിരുകുലത്തിലെ അഞ്ചാമൻ നാറാണത്ത് ഭ്രാന്തന്റെ സ്മരണയിൽ പതിനായിരങ്ങൾ രായിരനെല്ലൂർ മലകയറി. തുലാം ഒന്നിന് പുലർച്ചെ തുടങ്ങിയ മലകയറ്റം വൈകിട്ടുവരെ തുടർന്നു. പ്രസിദ്ധമായ രായിരനെല്ലൂർ മലകയറ്റത്തിന് ഇത്തവണയും ആബാലവൃദ്ധം ജനങ്ങളുടെ പ്രവാഹമായിരുന്നു. പാലക്കാടിന് പുറമേ മലപ്പുറം, തൃശൂർ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽനിന്ന് പ്രത്യേക ബസുകളിലും ചെറുവാഹനങ്ങളിലുമായി ആളുകളെത്തി. പൊലീസ് സുരക്ഷയും ഗതാഗത നിയന്ത്രണവും മലകയറ്റം സുഗമമാക്കി. ബുധൻ പുലർച്ചെ അഞ്ചോടെ വിശ്വാസികൾ മല കയറാൻ തുടങ്ങി. വാഹനങ്ങൾ നിർത്തിയിടാൻ പരിസരവാസികൾ പറമ്പുകളിൽ സൗകര്യമൊരുക്കി. മലയുടെ തെക്കുംപടിഞ്ഞാറുമുള്ള കുത്തനെയുള്ള വഴിയിലൂടെയാണ് ജനങ്ങൾ മലമുകളിലെത്തിയത്. നാറാണത്ത് ഭ്രാന്തന്റെ പ്രതിമയും ദേവീക്ഷേത്രവുമാണ് മലമുകളിലെ ആകർഷകം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന ചാറ്റൽമഴയും കോടമഞ്ഞും ഒഴിഞ്ഞ പ്രഭാതം മലകയറ്റം സുഗമമാക്കി. വഴിയോരങ്ങളിലും മലമുകളിലും തയ്യാറാക്കിയ ചന്തകളിൽ പലഹാരങ്ങളും പലതരം വസ്‌തുക്കളും വിൽപ്പനയ്‌ക്കായി ഉണ്ടായിരുന്നു. കാക്കാത്തിമാരും കൈനോട്ടക്കാരും തീർഥാടകസംഘങ്ങളുടെ കീർത്തനങ്ങളുമായി ആഘോഷപ്പൊലിമയിലായിരുന്നു മലകയറ്റം. ബാലനായിരിക്കെ നാറാണത്ത് ഭ്രാന്തൻ വേദം പഠിക്കാനായി തിരുവേഗപ്പുറയിൽ എത്തിയെന്നാണ് വിശ്വാസം. രായിരനെല്ലൂർ മലമുകളിലേക്ക് കൂറ്റൻ കല്ലുകൾ ഉരുട്ടിക്കയറ്റുകയും മുകളിലെത്തിയാൽ അവ താഴേയ്ക്ക് തള്ളിയിട്ട് അട്ടഹസിക്കുകയും ചെയ്തിരുന്ന നാറാണത്ത് ഭ്രാന്തനുമുന്നിൽ ഒരു തുലാം ഒന്നിന് ദേവി പ്രത്യക്ഷപ്പെട്ടു. പിന്നീട് ഭൂമിക്കടിയിലേക്ക് താഴ്‌ന്നുപോയെന്നുമാണ് വിശ്വാസം. ദേവിയുടെ കാൽപ്പാടുകൾ കണ്ട സ്ഥലത്ത് നാറാണത്ത് ഭ്രാന്തൻ പൂവും കനിയുംവച്ച് ആരാധിച്ചുപോന്നുവെന്നാണ് സങ്കൽപ്പം. പിന്നീട് ആമയൂർ മന നാരായണമംഗലത്തുകാർ മലമുകളിൽ ക്ഷേത്രം നിർമിച്ച് ആരാധന നടത്തിവരികയാണ്. നാരായണത്ത് ഭ്രാന്തൻ ശ്രീദ്വാദശാക്ഷരി ട്രസ്റ്റിനാണ് ക്ഷേത്രം നടത്തിപ്പ് ചുമതല. ക്ഷേത്രത്തിൽ ഞായർമുതൽ നടത്തിവന്ന ലക്ഷാർച്ചനയും സമാപിച്ചു. Read on deshabhimani.com