ദേവിക്ക് ഇനി ഉറക്കെ പറയാം... ഇത് എന്റെ വീട്
ചിറ്റൂർ പതിനേഴുകാരി ദേവിക്ക് ഇനി ഉറക്കെ പറയാം... ഇത് എന്റെ വീടാണ്, എന്റെ സ്വന്തം. ഓർമവയ്ക്കുന്നതിനുമുമ്പ് അച്ഛനും അമ്മയും നഷ്‌ടമായ ദേവിയും അങ്ങനെ ഭൂമിയുടെ അവകാശിയായി. തേനാരി കാരക്കോട്ടിലുള്ള അമ്മാവന്റെ തണലിലാണ് നിലവിൽ താമസം. നഴ്‌സിങ് വിദ്യാർഥിയായ ദേവിക്ക് മാത്രമല്ല തലമുറകളായി ചിറ്റൂർ നഗരസഭയിലെ പുറമ്പോക്ക് ഭൂമിയിലും പിന്നീട് 2007ൽ എൽഡിഎഫ് സർക്കാർ നിർമിച്ചുനൽകിയ വീട്ടിലേക്കും മാറിയെങ്കിലും ഭൂമിയുടെ അവകാശികളായതിന്റെ സന്തോഷത്തിലാണ് അമ്പാട്ടുപാളയം നായാടി കോളനി നിവാസികൾ. കോളനിയിലെ 11 കുടുംബങ്ങൾക്കാണ് മന്ത്രി കെ രാജൻ പട്ടയം വിതരണം ചെയ്‌തത്. പാലക്കാട്, -ചിറ്റൂർ താലൂക്കിലെ പട്ടയവിതരണത്തിലാണ് ഇവർക്കും പട്ടയം കിട്ടിയത്. 11 കുടുംബങ്ങളിലായി അറുപതോളം പേർ ഇവിടെ താമസിക്കുന്നുണ്ടെങ്കിലും ഇതുവരെ നഗരസഭാ സെക്രട്ടറിയുടെ പേരിലായിരുന്നു അവകാശം. കോൺക്രീറ്റ് വീട്, ഇന്റർലോക്ക് പാകിയ മുറ്റം എന്നിങ്ങനെ സൗകര്യങ്ങളോടെ താമസിക്കാം എന്നല്ലാതെ ഇതുവരെ സ്വന്തമെന്ന് പറയാൻ സാധിച്ചിരുന്നില്ല. ഇനിമുതൽ ഭൂമിയുടെ സ്വന്തം അവകാശികളായിത്തന്നെ ജീവിക്കാം. നൂറുവർഷം പിന്നിട്ട ചിറ്റൂർ–-തത്തമംഗലം നഗരസഭയിൽ ചരിത്രത്തിലാദ്യമായി അധികാരത്തിൽ വന്ന എൽഡിഎഫ് ഭരണസമിതി മുൻകൈയെടുത്താണ് ഈ 11 കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ചുനൽകിയത്. 2007 ഇടതുസർക്കാർ മുൻകൈയെടുത്താണ് നിലവിലുള്ള വീട് നിർമിച്ചുനൽകിയത്. പിന്നീട് കോൺഗ്രസ് ഭരണത്തിലിരുന്ന നഗരസഭ ഒരു ഇടപെടലും നടത്തിയിരുന്നില്ല. Read on deshabhimani.com