3.32 കോടിയുടെ 
കൃഷിനാശം



  പാലക്കാട്‌ കനത്ത മഴയിലും കാറ്റിലും ജില്ലയിൽ 3.32 കോടി രൂപയുടെ കൃഷിനാശം. 557 കർഷകരുടെ 100.56 ഹെക്ടറിലെ കൃഷിയാണ്‌ നശിച്ചത്‌. കൃഷി വകുപ്പിന്റെ 17വരെയുള്ള കണക്കാണിത്‌. 76.11 ഹെക്ടറിൽ 486 കർഷകരുടെ കൃഷിക്ക്‌ നാശമുണ്ടായി. 2.97 കോടിയുടെയാണ്‌ നഷ്ടം.  മഴയിൽ മാത്രം 23.69 ഹെക്ടറിലെ കൃഷി നശിച്ചു. 40 കർഷകർക്ക്‌ 31.43 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കാറ്റിൽ 0.76 ഹെക്ടറിലെ കൃഷിക്ക്‌ കേടുപാടുണ്ടായി. 31 കർഷകർക്ക്‌ 3.81 ലക്ഷം രൂപയുടെ നഷ്ടം.  ശ്രീകൃഷ്‌ണപുരം ബ്ലോക്കിലാണ്‌ കൂടുതൽ നഷ്ടമുണ്ടായത്‌. 53.46 ഹെക്ടറിൽ കൃഷിനാശമുണ്ടായി. അഗളി ബ്ലോക്കിൽ 21 ഹെക്ടറിലും ഷൊർണൂരിൽ 20 ഹെക്ടറിലും നാശമുണ്ടായി. മണ്ണാർക്കാട്‌ ബ്ലോക്കിൽ 2.70, കൊല്ലങ്കോട്‌ 2, നെന്മാറ 0.40, പട്ടാമ്പി ഒന്ന്‌, തൃത്താല 0.01  ഹെക്ടർ എന്നിങ്ങനെയാണ്‌ മറ്റ്‌ ബ്ലോക്കുകളിലെ കൃഷിനാശം. കാറ്റിലും മഴയിലുമായി വാഴകളാണ്‌ കൂടുതലും വീണ്‌ നശിച്ചത്‌. കുലച്ച വാഴകൾ 33,185 എണ്ണവും കുലയ്‌ക്കാത്തവ 21,230 എണ്ണവും നിലംപൊത്തി. വാഴകൾക്ക്‌ മാത്രം 2.84 കോടി രൂപയുടെ നഷ്ടമാണ്‌ കണക്കാക്കിയത്‌. 0.250 ഹെക്ടറിലെ ചക്കകൃഷി നശിച്ചു. കുലച്ച 76 തെങ്ങുകൾ കാറ്റിൽ വീണു. ടാപ്പ്‌ ചെയ്യുന്ന 65 റബറും ടാപ്പ്‌ ചെയ്യാത്ത 10 റബർച്ചെടികളും കടപുഴകി. കുലച്ച 755 ഉം കുലയ്‌ക്കാത്ത 135 ഉം കവുങ്ങുകളും വീണു. 0.100 വീതം ഹെക്ടറിലെ ഇഞ്ചിയും മഞ്ഞളും വെള്ളംകയറി നശിച്ചു.  19 വീട്‌ തകർന്നു പാലക്കാട്‌ കനത്ത മഴയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ ഏഴ്‌ വീട്‌ പൂർണമായും 12  വീട്‌ ഭാഗികമായും തകർന്നു. ചിറ്റൂർ താലൂക്കിൽ മൂന്നും അട്ടപ്പാടിയിൽ രണ്ടും പാലക്കാട്, ആലത്തൂർ താലൂക്കുകളിൽ ഓരോ വീട് വീതവുമാണ് പൂർണമായും തകർന്നത്. പാലക്കാട്, ചിറ്റൂർ താലൂക്കുകളിൽ അഞ്ച് വീതവും ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിൽ ഓരോ വീടുവീതവും ഭാഗികമായി തകർന്നു. മഴക്കാലത്ത് ഇതുവരെ ജില്ലയിൽ 105 വീട്‌ ഭാഗികമായും 25 വീട്‌ പൂർണമായും തകർന്നതായാണ് റിപ്പോർട്ട്. Read on deshabhimani.com

Related News