മീൻപിടിക്കാൻ പോയ 
വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട്‌ 
കാണാതായി

സിപിൽ


ആലത്തൂർ ഗായത്രിപ്പുഴ അരിയശേരി തമ്പ്രാൻകെട്ടിയ കടവിൽ മീൻ പിടിക്കാൻ പോയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു. കുറ്റിപ്പള്ളം നറണിയിൽ ശശിയുടെയും ശ്രീജയുടെയും മകൻ സിപിൽ (18) ആണ്‌ ഒഴുക്കിൽപ്പെട്ടത്‌. ശനി രാവിലെ 10.30 നാണ്‌ അപകടം. അരിയശേരി തമ്പ്രാൻകെട്ടിയ കടവിൽ സിപിലും സുഹൃത്തുക്കളായ വിഷ്ണു, ആദിത്, സജിത് എന്നിവരും  മീൻ പിടിക്കാൻ എത്തിയതാണ്‌. വിഷ്ണുവും സജിത്തും മീൻ പിടിച്ചുകൊണ്ടിരിക്കെ ആദിത്തും സിപിലും കുളിക്കാൻ ഇറങ്ങി. നിലവിളി ശബ്ദം കേട്ട വിഷ്ണു തിരിഞ്ഞ് നോക്കുമ്പോൾ ആദിത്തും സിപിലും വെള്ളത്തിൽ മുങ്ങിത്താഴുന്നതാണ് കണ്ടത്. ഉടൻ തന്നെ വിഷ്ണു വെള്ളത്തിലിറങ്ങി ആദിത്തിനെ രക്ഷിച്ചു. സിപിലിന്റെ കൈയിൽ പിടിത്തം കിട്ടിയെങ്കിലും വഴുതിപ്പോയി. പരിഭ്രാന്തരായ ഇവർ നാട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് ആലത്തൂർ അഗ്നിരക്ഷാസേനയെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പാലക്കാട് നിന്നെത്തിയ സ്കൂബാ ടീം വൈകിട്ട്‌ ആറുവരെ അരിയശേരി മുതൽ കുരുത്തിക്കോട് വരെ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയിൽ കെ രാധാകൃഷ്ണൻ എംപി സംഭവ സ്ഥലത്തെത്തി ദേശീയ ദുരന്തനിവാരണ സേനയെ ഫോണിൽ ബന്ധപ്പെട്ട് സേവനം ആവശ്യപ്പെട്ടു. വൈകിട്ട്‌ ആറോടെ ദേശീയ ദുരന്ത നിവാരണ സേനയെത്തി തിരച്ചിൽ പുനരാരംഭിച്ചു 8.30ന്‌ തിരച്ചിൽ അവസാനിപ്പിച്ചു. ഞായർ പുലർച്ചെ തന്നെ തിരച്ചിൽ ആരംഭിക്കും. കലക്ടർ എസ് ചിത്ര, പി പി സുമോദ് എംഎൽഎ, തഹസിൽദാർ ടി ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രജനി ബാബു, ആലത്തൂർ സിഐ ടി എൻ ഉണ്ണികൃഷ്ണൻ, എസ്ഐ ആർ വിവേക് നാരായണൻ, തരൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ഇ രമണി എന്നിവർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. അപകടത്തിൽപ്പെട്ട സിപിൽ ഒരുവർഷമായി തരൂർ ചേലക്കാട്ടുക്കുന്നിലെ അമ്മ വീട്ടിൽ താമസിച്ച് പഠിക്കുകയാണ്. ആലത്തൂരിലെ സ്വകാര്യ ടെക്നിക്കൽ സ്ഥാപനത്തിലെ ഒന്നാം വർഷ വിദ്യാർഥിയാണ്. Read on deshabhimani.com

Related News