ആലത്തൂരിൽ ഒഴുക്കിൽപ്പെട്ടത് 2 പേർ

ഗായത്രിപ്പുഴ അരിയശേരി തമ്പ്രാൻകെട്ടിയ കടവിലെത്തിയ കെ രാധാകൃഷ്ണൻ എംപി സ്ഥിതിഗതികൾ വിലയിരുത്തുന്നു


ആലത്തൂർ അശ്രദ്ധ മൂലം മഴക്കാലത്ത്‌ ഒഴുക്കിൽപ്പെട്ട്‌ കാണാതാവുന്നവരുടെ എണ്ണം കൂടുന്നു. മഴ കനത്ത്‌ ഒരാഴ്ചക്കുള്ളിൽ ആലത്തൂരിൽ മാത്രം രണ്ട്‌ പേരെയാണ് കാണാതായത്. മുതുകുന്നി ആണ്ടിത്തറ പുത്തൻവീട്ടിൽ രാജേഷിനെ കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ തേങ്ങ പിടിക്കാനിറങ്ങി നായർകുന്ന് ചെക്ക് ഡാമിൽ കാണാതായത്‌.  മൂന്നാം ദിവസമാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ശനി രാവിലെ ഗായത്രിപുഴ തരൂർ തമ്പ്രാൻകെട്ടിയ കടവിൽ മീൻ പിടിക്കുന്നതിനിടെ കുളിക്കാൻ ഇറങ്ങിയ 16 കാരൻ ഷിബിലിനെയും ഒഴുക്കിൽപ്പെട്ട് കാണാതായി. ജില്ലാ ഭരണസംവിധാനം ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കടുത്ത ജാഗ്രത നിർദേശങ്ങളാണ് പുറപ്പെടുവിക്കുന്നത്. എന്നാൽ ഇവയെല്ലാം അവഗണിക്കുകയാണ്‌. ജാഗ്രത കുറയുന്നത്‌ അപകടങ്ങളുണ്ടാവാൻ കാരണമാവുന്നു.  പുറമേ ശാന്തമായൊഴുകുന്നതെന്ന്‌ തോന്നുന്ന പുഴയുടെ അടിത്തട്ടിൽ ശക്തമായ ഒഴുക്കുണ്ടാകും.  ഇത് മനസ്സിലാക്കാതെയാണ്‌ മഴക്കാലത്ത്‌ കുട്ടികൾ ഉൾപ്പെടെയുള്ള പലരും പുഴകളിൽ  ഇറങ്ങുന്നത്. അപ്രതീക്ഷിതമായെത്തുന്ന മലവെള്ളവും അപകട സാധ്യത വർധിപ്പിക്കുന്നു. Read on deshabhimani.com

Related News