‘പാടിപ്പറക്കുന്ന മലയാളം’ പക്ഷിച്ചിത്ര പ്രദർശനം
പാലക്കാട് പക്ഷിനീരീക്ഷകൻ ഇന്ദുചൂഡനെ (പ്രൊഫ.കെ കെ നീലകണ്ഠൻ) നാട് അനുസ്‌മരിക്കുന്നു. ഇന്ദുചൂഡന്റെ ജന്മനാടായ ആലത്തൂരിൽ അദ്ദേഹം പഠിച്ച എഎസ്‌എംഎം എച്ച്‌എസ്‌എസിലും അധ്യാപകനായിരുന്ന ചിറ്റൂർ ഗവ. കോളേജിലും പ്രമുഖ ഫോട്ടോഗ്രാഫർമാർ എടുത്ത പക്ഷിച്ചിത്രങ്ങളുടെ പ്രദർശനവും ഡോക്യുമെന്ററി അവതരണവും അനുസ്മരണവും സംഘടിപ്പിച്ചാണ് ജന്മശതാബ്‌ദി വർഷം മികവുറ്റതാക്കുന്നത്. ആലത്തൂർ എഎസ്‌എം എച്ച്‌എസ്‌എസിൽ പ്രദർശനം 23 ന് രാവിലെ പത്തിന് കെ ഡി പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഇന്ദുചൂഡന്റെ ശിഷ്യൻ ഡോ.സുരേഷ് ഇളമൺ അനുസ്മരണ പ്രഭാഷണം നടത്തും. കേരളത്തിലെ പക്ഷികളെക്കുറിച്ച് തയ്യാറാക്കിയ ‘പാടിപ്പറക്കുന്ന പുസ്തകം’ എന്ന ഡോക്യുമെന്ററി അവതരിപ്പിച്ച് വി കെ ശ്രീരാമൻ സംസാരിക്കും. ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ ഷൈനി ഇന്ദുചൂഡന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്യും. 25ന് ചിറ്റൂർ ഗവ. കോളേജിൽ നഗരസഭാ വൈസ് ചെയർമാൻ എം ശിവകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്യും. രണ്ടിടത്തും സമീപത്തെ സ്കൂൾ വിദ്യാർഥികൾക്ക് പ്രദർശനം കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. പകൽ 10 മുതൽവൈകിട്ട് 5 വരെയാണ് പ്രദർശനം. നേരത്തെ എറണാകുളം ദർബാർ ഹാളിൽ നടത്തിയ പ്രദർശനത്തിന്റെ തുടർച്ചയാണിത്. ആലത്തൂർ എഎസ്‌എം എച്ച്‌എസ്‌എസ്, ആലത്തൂർ പഞ്ചായത്ത്, ചിറ്റൂർ ഗവ. കോളേജ്, ചിറ്റൂർ–- തത്തമംഗലം നഗരസഭ, പാഞ്ചജന്യം ലൈബ്രറി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി. Read on deshabhimani.com