അറിവിനൊപ്പം വേണം തിരിച്ചറിവ്: ബീന ആർ ചന്ദ്രൻ
പാലക്കാട് അറിവിനൊപ്പം വേണ്ടത് തിരിച്ചറിവാണെന്ന് സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആർ ചന്ദ്രൻ പറഞ്ഞു. തീയുടെ കണ്ടുപിടിത്തം മനുഷ്യന്റെ പുരോഗതിയിലേക്കുള്ള കുതിപ്പാണ്. ആ വെളിച്ചം നല്ലതിനുവേണ്ടി ഉപയോഗിക്കണം. തീപ്പെട്ടിക്കൊള്ളികൾ ഉണ്ടാക്കുന്നത് വിവിധ മനുഷ്യർ ചേർന്നാണ്. എന്നിട്ട് ആ കൊള്ളികളെ ഒരു കൂട്ടിൽ അടുക്കി വയ്‌ക്കുന്നു. അറിവുനേടുമ്പോൾ ചിന്തിക്കണം തീപ്പെട്ടി കൊള്ളികളെപ്പേലെ സമഭാവനയോടെ ചേർന്നു നിൽക്കാൻ നമുക്കും കഴിയണം. എങ്കിലേ പന്തമായി ജ്വലിക്കാനാകൂ. എന്നാൽ, മനുഷ്യരെ വിവിധ കാരണങ്ങൾ പറഞ്ഞ് ഭിന്നിപ്പിച്ചു നിർത്താനുള്ള ശ്രമങ്ങൾ സമൂഹത്തിൽ നടക്കുന്നുണ്ട്. അറിവിന്റെ വെളിച്ചമേന്തി മുന്നോട്ടു യാത്ര ചെയ്യണം. വിജ്ഞാനം കുത്തി നിറച്ച റോബോട്ടുകളായി നമ്മൾ മാറണമോ അതോ അസ്ഥിയും മജ്ജയും മാംസവുമൊക്കെയുള്ള, വികാരങ്ങളുള്ള, ചിന്താശക്തിയുള്ള, വിമർശനബുദ്ധിയുള്ള പച്ച മനുഷ്യരായി മാറണോ എന്ന് ചിന്തിക്കണമെന്നും ബീന ആർ ചന്ദ്രൻ പറഞ്ഞു. Read on deshabhimani.com