അട്ടപ്പാടി ചുരംറോഡിൽ വീണ്ടും മരംവീണു

അട്ടപ്പാടി ചുരത്തിൽ റോഡിലേക്ക് കടപുഴകിയ മരം അഗ്നിരക്ഷാസേന മുറിച്ചുമാറ്റുന്നു


  അഗളി അട്ടപ്പാടി ചുരത്തില്‍ തുടര്‍ച്ചയായി രണ്ടാംദിവസവും മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് മരം മുറിച്ച് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ബുധൻ രാവിലെ എട്ടോടെ പത്താംവളവിന് സമീപമാണ്‌ മരം റോഡിലേക്ക്‌ കടപുഴകിയത്‌. ഇതോടെ ബസുകൾ ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. അഗളി പൊലീസ് സ്‌റ്റേഷനില്‍ ക്യാമ്പ്‌ ചെയ്യുന്ന മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചുനീക്കി. ഒമ്പതരയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. മഴക്കാലത്ത് അട്ടപ്പാടി ചുരത്തില്‍ ഏതുസമയത്തും മരംവീണും മണ്ണിടിഞ്ഞും ഗതാഗതം തടസപ്പെടുന്ന അവസ്ഥയാണ്. ചൊവ്വാഴ്ച അഞ്ചാം വളവിന് സമീപത്ത്‌ റോഡിലേക്ക്‌ മരംകടപുഴകിയിരുന്നു. കഴിഞ്ഞമാസം ആറാംവളവ്, മന്ദംപൊട്ടി പാലത്തിന് സമീപം, ആനമൂളി പാലവളവ് എന്നിവടങ്ങളില്‍ മരംവീണിരുന്നു. പാലവളവില്‍ കാറിന് മുകളിലേക്കാണ് വന്‍മരം വീണത്. കാറിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിൽ അപകടഭീഷണിയായി നില്‍ക്കുന്ന നിരവധി മരങ്ങളും ചില്ലകളും കഴിഞ്ഞമാസം വനംവകുപ്പിന്റെ സാന്നിധ്യത്തില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ നേതൃത്വത്തില്‍ മുറിച്ച് നീക്കിയിരുന്നു.   സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ഇന്‍ചാര്‍ജ് വി സുരേഷ്‌കുമാര്‍, സേനാംഗങ്ങളായ ടിജോ തോമസ്, എം എസ് ഷബീര്‍, ഹോംഗാര്‍ഡ് എസ് പ്രദീപ്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് മരം മുറിച്ചുനീക്കിയത്.   Read on deshabhimani.com

Related News