വേലപ്രേമികൾക്ക് വേവലാതി



കൊല്ലങ്കോട്  കേന്ദ്രസർക്കാർ സ്‌ഫോടകവസ്‌തു നിയമത്തിൽ വരുത്തിയ ഭേദഗതി പ്രാബല്യത്തിലായാൽ നെന്മാറ–-വല്ലങ്ങി വേലയുടെ പകിട്ട് കുറയും. കാര്യമായ നിയന്ത്രണമില്ലാതെ, താരതമ്യേന അപകടരഹിതമായി കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് നടത്തുന്ന ഉത്സവമാണ് നെന്മാറ–-വല്ലങ്ങി വേല. നെന്മാറ ദേശത്തെ പുതിയ നിയന്ത്രണം കാര്യമായി ബാധിക്കില്ലെങ്കിലും വല്ലങ്ങി ദേശത്തിന്റെ വെടിക്കെട്ടിന് ദോഷമാകും. ഇതുതന്നെയാണ്‌ ഉത്സവപ്രേമികളെ ആശങ്കയിലാക്കുന്നതും.  ഇരുദേശത്തിന്റെയും പകൽവേല കാവ്കയറി കാവിറക്കിയ ഉടനെയാണ് വെടിക്കെട്ടിന്‌ തിരികൊളുത്തുക. വൈകിട്ട്‌ നാലോടെ എത്തുന്നവർ സുരക്ഷിതസ്ഥാനങ്ങളിൽ നിലയുറപ്പിക്കും. പകൽവേല കാവിറങ്ങിയാൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ കർശന പരിശോധനയ്‌ക്കുശേഷം ആദ്യം നെന്മാറ ദേശത്തിന്റെയും പിന്നീട്‌ വല്ലങ്ങി ദേശത്തിന്റെയും വെടിക്കെട്ടിന് തിരികൊളുത്തും. കൊയ്തൊഴിഞ്ഞ വയലുകളിലാണ് വെടിക്കെട്ട് ഒരുക്കുന്നതെന്നതിനാൽ ഒരു ലക്ഷത്തിലേറെ വേലപ്രേമികൾക്ക് തിരക്കുകൂട്ടാതെ കാണാൻ കഴിയും. പകൽ വെടിക്കെട്ട് കഴിഞ്ഞാൽ പാതിയിലേറെപ്പേർ തിരികെപ്പോകും. പിന്നീട് രാത്രി 10നുശേഷം രാത്രി വെടിക്കെട്ട് ആസ്വദിക്കാനെത്തുന്നവരുടെ വരവായി. പകൽ വെടിക്കെട്ട് കാണുന്നവരേക്കാൾ രാത്രി വെടിക്കെട്ട് കാണാൻ വരുന്നവരാണ് കൂടുതൽ. പുലർച്ചെ നാലിന്‌ കർശന പരിശോധനയ്‌ക്കുശേഷമാണ് രാത്രി വെടിക്കെട്ട്‌ നടത്തുക.കാണികളെ സുരക്ഷിതമായ അകലത്തിൽ നിർത്തിയാണിത്‌. വെടിക്കെട്ട് പാതിയായാൽ ഉത്സവത്തിന്റെ പെരുമയും പൊലിയുമോ എന്ന ആശങ്കയിലാണ്‌ വേലപ്രേമികൾ. കേന്ദ്ര–-സംസ്ഥാന സർക്കാരുകളെ സമീപിക്കും വെടിക്കെട്ട് പ്രതിസന്ധിയിലാക്കുന്ന കേന്ദ്രസർക്കാർ വിജ്ഞാപനത്തിനെതിരെ കേന്ദ്ര-–-സംസ്ഥാന സർക്കാരുകളെ സമീപിക്കാൻ ചിനക്കത്തൂർ പൂരം ഏഴുദേശ കോ–-ഓർഡിനേഷൻ കമ്മിറ്റി. മുഖ്യമന്ത്രിയെയും റവന്യു മന്ത്രിയെയും സമീപിക്കും. വിഷയം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെടുത്താനും ആലോചിക്കുന്നു. കൂടുതൽ ചർച്ചയ്‌ക്കായി ജില്ലയിലെ പ്രധാന ഉത്സവ കമ്മിറ്റിക്കാരെ പങ്കെടുപ്പിച്ച്‌ യോഗംചേരാൻ ശ്രമിക്കുന്നുവെന്നും കോ–-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.   Read on deshabhimani.com

Related News