38 പ്രവാസികൾ മടങ്ങിയെത്തി



പാലക്കാട്‌ വിവിധ രാജ്യങ്ങളിൽനിന്ന്‌ 38 പ്രവാസികൾകൂടി ജില്ലയിൽ മടങ്ങിയെത്തി. ഒമാനിലെ മസ്കറ്റ്, ഖത്തറിലെ ദോഹ, റഷ്യയിലെ മോസ്കോ എന്നിവിടങ്ങളിലെ വിമാനങ്ങളാണ്‌ കരിപ്പൂർ, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ വ്യാഴാഴ്‌ച എത്തിയത്‌.  വിമാനത്താവളത്തിലെ പരിശോധനയ്‌ക്കുശേഷം വെള്ളിയാഴ്‌ച ജില്ലയിൽ എത്തിയ 38 ൽ ഒമ്പതുപേരെ സർക്കാർ നിരീക്ഷണകേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണ്. മസ്കറ്റിൽനിന്ന്‌ കരിപ്പൂർ അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക്‌ 24പേരെത്തി. ഏഴുപേരെ സർക്കാർ നിരീക്ഷണകേന്ദ്രങ്ങളിലേക്ക്‌ മാറ്റി.  നാലുപേരെ ചാലിശേരി റോയൽ ദന്തൽ കോളേജ് ഹോസ്റ്റലിലും മൂന്നുപേരെ പട്ടാമ്പി സലാഹുദ്ദീൻ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഹോസ്റ്റലിലുമാണ് താമസിപ്പിക്കുന്നത്‌.  ദോഹയിൽനിന്ന്‌ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ 13പേരിൽ ഒരാളെ പാലക്കാട് ഐടിഎൽ റെസിഡൻസിയിൽ നിരീക്ഷണത്തിലാക്കി. മോസ്കോയിൽനിന്ന്‌ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഒരാളെ പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ നിരീക്ഷണത്തിലാക്കി. വീടുകളിലും സർക്കാരിന്റെ കോവിഡ് കെയർ സെന്ററുകളിലുമായി 481 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. 243പേരാണ് സർക്കാർ നിരീക്ഷണകേന്ദ്രങ്ങളിലുള്ളത്. ചിറ്റൂർ കരുണ മെഡിക്കൽ കോളേജിൽ 21, എലപ്പുള്ളി അഹല്യ ഹെറിറ്റേജിൽ 19, ചെർപ്പുളശേരി ശങ്കർ ഹോസ്പിറ്റലിൽ 29, പാലക്കാട് ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ 20, പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെ ഹോസ്റ്റലിൽ 22, പട്ടാമ്പി സലാഹുദ്ദീൻ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹോസ്റ്റലിൽ 23, ചാലിശേരി റോയൽ ദന്തൽ കോളേജ്‌ ഹോസ്റ്റലിൽ 36, കുളപ്പുള്ളി അൽ അമീൻ എൻജിനിയറിങ്‌ കോളേജ് ഹോസ്റ്റലിൽ 30, അകത്തേത്തറ എൻഎസ്എസ് എൻജിനിയറിങ്‌ കോളേജ് ഹോസ്റ്റലിൽ 30, പാലക്കാട് ഐടിഎൽ റെസിഡൻസിയിൽ എട്ട്‌, സായൂജ്യം റസിഡൻസിയിൽ അഞ്ച്‌ എന്നിങ്ങനെയാണ്‌ നിരീക്ഷണത്തിലുള്ളവരുടെ കണക്ക്‌. 238പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്‌. Read on deshabhimani.com

Related News