സെപ്‌തംബറിൽ 156 പേർക്ക് ഡെങ്കി
പാലക്കാട് മഴയും വെയിലുമെല്ലാം മാറി മാറി വന്നതോടെ പനിബാധിതരുടെ എണ്ണം ഉയരുന്നു. സെപ്‌തംബർ 20 വരെ ജില്ലയിൽ 156 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പത്തുപേർക്ക് എച്ച്‌വൺഎൻവണ്ണും 19 പേർക്ക് എലിപ്പനിയും ബാധിച്ചു. രണ്ട് എലിപ്പനി മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഡെങ്കിപ്പനി, എലിപ്പനി രോഗലക്ഷണവുമായി നിരവധിപേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. വിവിധ സർക്കാർ ആശുപത്രികളിലെ ഒപികളിലായി 15,722 പേർ ചികിത്സയ്‌ക്കെത്തി. ഇതിൽ 311 പേർ കിടത്തിച്ചികിത്സയ്‌ക്ക് വിധേയരായി. ശരാശരി തൊള്ളായിരത്തോളം പേരാണ് പനി ചികിത്സയ്‌ക്കെത്തുന്നത്. 1,913 പേർക്കാണ് വയറിളക്കം പിടിപെട്ടത്. 18 പേർക്ക് ഹെപ്പറ്റൈറ്റിസ് എയും ആറുപേർക്ക് മലേറിയയും ഒരാൾക്ക് ജപ്പാൻ ജ്വരവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും മറ്റ് ആയുർവേദ, ഹോമിയോ ആശുപത്രികളിലുമൊക്കെ ചികിത്സതേടിയെത്തുന്നവരുടെ എണ്ണം ഇരട്ടിയാണ്. കൊതുക് പെരുകാതിരിക്കാൻ വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കുകയാണ് പ്രധാനമായും ഡെങ്കിപ്പനിയും മറ്റും പടരാതിരിക്കാൻ ചെയ്യേണ്ടത്. മഴ പെയ്‌തതിനെ തുടർന്ന് മലിനജലവുമായി ബന്ധപ്പെടുന്നവർക്കാണ് എലിപ്പനി ബാധയുണ്ടാകുന്നത്. പനി വന്നാൽ സ്വയം ചികിത്സ നടത്താതെ ആശുപത്രിയിലെത്തി ചികിത്സ തേടണം. Read on deshabhimani.com