'ഗദ്ദിക' ഗോത്രവര്‍ഗ സംസ്കൃതിയും മൂല്യവും കാത്തുസൂക്ഷിക്കാന്‍ * വേണു കെ ആലത്തൂര്‍



    പാലക്കാട് > അന്യംനിന്നുകൊണ്ടിരിക്കുന്ന ഗോത്രവര്‍ഗ സംസ്കൃതിയും പാരമ്പര്യവും കാത്തുസൂക്ഷിച്ച് അതിന്റെ സ്വത്വവും മൂല്യവും തിരിച്ചുപിടിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് സംസ്ഥാന പട്ടികവര്‍ഗ നാടന്‍കല'ഗദ്ദിക'യിലൂടെ തെളിയുന്നത്.പട്ടികജാതിവര്‍ഗ വികസന വകുപ്പ്, കിര്‍ത്താഡ്സ് എന്നിവ സംയുക്തമായി 10 ദിവസം നീണ്ടുനില്‍ക്കുന്ന ഗദ്ദിക വടക്കഞ്ചേരി ദേശീയപാതയോരത്ത് നടക്കുന്നത്.     പട്ടികവര്‍ഗവിഭാഗങ്ങളില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന 'അടിയ' ഗോത്രവിഭാഗത്തിന്റെ അനുഷ്ഠാന കലാരൂപമാണ് 'ഗദ്ദിക'എന്ന പേരില്‍ അറിയപ്പെടുന്നത്. നന്മയുടെ വരവിന് നാന്ദി കുറിക്കുന്ന ആചാരമാണിത്. സമൂഹത്തിന് വലിയ പരിചയമില്ലാത്ത, കേട്ടറിവു മാത്രമുള്ള കലാരൂപങ്ങള്‍ മേളയില്‍ അവതരിപ്പിക്കുന്നു. ആദിവാസിസമൂഹത്തിന്റെ പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വിറ്റഴിക്കാനുമുള്ള മേള കൂടിയാണ് വടക്കഞ്ചേരിയില്‍ സംഘടിപ്പിച്ച ഗദ്ദിക. 2006ല്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരാണ് ആദ്യമായി ഗദ്ദിക കൊണ്ടുവന്നത്. പിന്നീടു വന്ന യുഡിഎഫ് സര്‍ക്കാര്‍ ഗദ്ദിക തുടര്‍ന്നില്ല.  സമൂഹത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന വിഭാഗമാണ് ആദിവാസികള്‍. വനവിഭവങ്ങള്‍ ശേഖരിച്ച് വിറ്റഴിച്ച് വനത്തില്‍ത്തന്നെ ജീവിക്കുന്ന ഇവര്‍ക്ക് വലിയ സാംസ്കാരിക പാരമ്പര്യമുണ്ട്. അതിനാല്‍ ഇവരുടെ തനത് ഉല്‍പ്പന്നങ്ങള്‍ക്കും കലകള്‍ക്കും അതിന്റെതായ പ്രത്യേകതകളുമുണ്ട്. ആദിവാസി വിഭാഗങ്ങളുടെ മാത്രമായ ഉല്‍പ്പന്നങ്ങളാണ് മുളയരി, റാഗി, കാട്ടുതേന്‍ എന്നിവ.  പുളിയ നൃത്തം, മലപ്പുലയ ആട്ടം, എരുതുകളി, മംഗലംകളി, കാട്ടുനായ്ക്ക നൃത്തം, മന്നാന്‍കൂത്ത്, ചോനന്‍കളി, ഊരാളിക്കൂത്ത്, ഗദ്ദിക, പൂപ്പട തുള്ളല്‍, ഇരുളനൃത്തം, കൊറഗ നൃത്തം, കാക്കാരശി നാടകം തുടങ്ങിയവയൊക്കെ ആദിവാസി, ഗോത്രസമൂഹത്തിന്റെ തനതുകലകളാണ്. സാധാരണ മത്സരങ്ങളിലൊന്നും ഇവ ഇടംപിടിക്കാറില്ല. ഇവരുടെ സ്വന്തം കലാരൂപങ്ങള്‍ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ 'ഗദ്ദിക' സംഘടിപ്പിക്കുന്നത്.  മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനദിവസം പുളിയ നൃത്തവും മലപ്പുലയ ആട്ടവും എരുതുകളിയും അരങ്ങേറി. വിവിധങ്ങളായ കലാരൂപങ്ങള്‍ വേദിയില്‍ നിറഞ്ഞാടുമ്പോള്‍ ജനനിബിഡമായ സദസ്സ് ശ്രദ്ധയോടെ കാണുന്നു. ഇതുതന്നെയാണ് ഇവര്‍ക്കു നല്‍കുന്ന ഏറ്റവും വലിയ ആദരം. എണ്‍പതോളം സ്റ്റാളുകള്‍ ഒരുക്കി സംസ്ഥാനത്തെ മുഴുവന്‍ ആദിവാസി, ഗോത്രസംസ്കാരത്തിന്റെ തനത്പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള സൌകര്യവും ഒരുക്കി. ഇതിലൂടെ അവര്‍ക്ക് വരുമാനമുണ്ടാക്കാന്‍ സഹായിക്കുന്നു. എല്ലാദിവസവും ആദിവാസി വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സാംസ്കാരിക സായാഹ്നങ്ങളും സംഘടിപ്പിച്ചതോടെ ഗോത്രവിഭാഗങ്ങളുടെ വിവിധ പ്രശ്നങ്ങളും പൊതുവേദിയില്‍ ചര്‍ച്ചയാകുന്നു.  ഗോത്രവര്‍ഗ സംസ്കാരത്തെ സംരക്ഷിക്കുകയും ജനശ്രദ്ധയിലേക്കു കൊണ്ടുവരികയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഗദ്ദിക മേളയിലൂടെ തിരിച്ചുകൊണ്ടുവരാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ആദിവാസികളോട് സ്നേഹം നടിക്കുന്നുവെന്ന് അവകാശപ്പെടുന്ന സംഘടനകള്‍ ഇത്തരം മേളയെക്കുറിച്ച് മിണ്ടുന്നില്ലെന്നതും ശ്രദ്ധേയമാണ്. മന്ത്രി എ കെ ബാലന്റെ നേതൃത്വത്തിലാണ് വിപുലമായ ഈ മേള സംഘടിപ്പിച്ചിരിക്കുന്നത്.  Read on deshabhimani.com

Related News