മെഡൽ പ്രതീക്ഷകളോടെ ടീം കലിക്കറ്റ്
പാലക്കാട് ഭുവനേശ്വറിൽ നടക്കുന്ന അന്തർ സർവകലാശാല അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ കലിക്കറ്റ് ടീം യാത്രതിരിച്ചു. 25 വനിതകളും 36 പുരുഷന്മാരും ഉൾപ്പെടുന്നതാണ് ടീം. 26 മുതൽ 30വരെ ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ. പരിശീലകരായ പി ബി ജയകുമാർ, അജിത് അശോകൻ, കെ പി ശ്രീനാഥ്, സേവ്യർ പൗലോസ്, സി ആർ മധു എന്നിവരും മാനേജർമാരായ ശ്രീജിത് രാജ്, കെ മായ എന്നിവരും ഒപ്പമുണ്ട്. പാലക്കാടുനിന്ന് ചെന്നൈ എക്‌സ്‌പ്രസിൽ ഞായർ വൈകിട്ട് നാലിന് ടീം പുറപ്പെട്ടു. ചെന്നൈയിലെത്തിയശേഷം മറ്റൊരു ട്രെയിൻ കയറി ഭുവനേശ്വറിലെത്തും. അമ്പത് ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും ഇരിപ്പിടങ്ങൾ സ്ഥിരീകരിക്കപ്പെട്ടില്ല. റെയിൽവേ ഉദ്യോഗസ്ഥരെ കണ്ട് ഇ–-ക്യൂവിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. പ്രയാസപ്പെട്ട് യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് കായികതാരങ്ങളെന്ന് മാനേജർ ശ്രീജിത് രാജ് പറഞ്ഞു. റിലേ, ലോങ്‌ജമ്പ്, ട്രിപ്പിൾ ജമ്പ്, ഡിസ്‌കസ് ത്രോ, ഹഡിൽസ്, പോൾവാൾട്ട് മത്സരങ്ങളിൽ വലിയ പ്രതീക്ഷ ടീമിനുണ്ട്. അജിത് ജോൺ, ജീവൻകുമാർ, അനശ്വര എന്നിവർ കഴിഞ്ഞ തവണ സ്വർണമെഡൽ നേടിയിരുന്നു. പതിനാല് വർഷത്തിനുശേഷം പുരുഷവിഭാഗത്തിൽ ഓവറോൾ കിരീടവും നേടി. വനിതാവിഭാഗത്തിൽ മൂന്നാംസ്ഥാനത്തെത്തി. മൂന്നുദിവസം പാലക്കാട് മെഡിക്കൽകോളേജ് സിന്തറ്റിക് ട്രാക്കിൽ ടീം പരിശീലനം നടത്തി. Read on deshabhimani.com