നഗരത്തിലുണ്ട്‌ 
കിടിലൻ ‘ഓഫ്‌ റോഡ്‌ ’

റോബിൻസൺ റോഡ് റെയിൽവേ ഗേറ്റിലെ കുഴികൾ


പാലക്കാട്‌  നഗരത്തിലെ ഓണത്തിരക്കിൽ എളുപ്പം സഞ്ചരിക്കാൻ റോബിൻസൺ റോഡുവഴി പോകാമെന്ന്‌ കരുതണ്ട. കുഴികളെല്ലാം ചാടി അരക്കിലോമീറ്റർ താണ്ടാൻ 15 മിനുട്ടെങ്കിലും കുറഞ്ഞതുവേണം. ജില്ലാ ആശുപത്രി ജങ്ഷനിൽനിന്ന് മിഷൻ സ്കൂൾ പരിസരത്തേക്കുള്ള യാത്ര അതീവ ദുഷ്കരമാണ്. റെയിൽവേ ഗേറ്റ്‌ കടന്നുപോകാൻ സാഹസിക ഡ്രൈവിങ് അറിഞ്ഞിരിക്കണം. റെയിൽവേയുടെയും നഗരസഭയുടെ പരിധിയിലുള്ള റോഡിൽ അറ്റകുറ്റപ്പണി നടത്തിയിട്ട് രണ്ടുവർഷം പിന്നിട്ടു.  ഇരുചക്രവാഹന യാത്രക്കാർക്കാണ്‌ ഏറെ ദുരിതം. മഴപെയ്താൽ കുഴികളിൽ വെള്ളം നിറയും. നിരവധി അപകടങ്ങളുണ്ടായിട്ടും പരാതികൾ കിട്ടിയിട്ടും റെയിൽവേ ട്രാക്കിലെ കുഴിയടയ്‌ക്കുന്നതിന്‌ നടപടിയുണ്ടായില്ല. ‘അമൃത്’പദ്ധതി നടപ്പാക്കാൻ റോഡിന്റെ വീതിയുള്ള ഇരുവശങ്ങളും കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ചതാണ് ബാക്കിയുള്ള റോഡിലെ കുഴികൾക്ക് പ്രധാനകാരണം. രണ്ടുവർഷം മുമ്പ് പൈപ്പ് കടന്നുപോയ ഭാഗങ്ങളിൽ മാത്രം നഗരസഭ താൽക്കാലികമായി റീടാർ ചെയ്തു. കനത്തമഴയിൽ റോഡിലെ ടാറിളകി പഴയതുപോലെയായി. വ്യാപാരികളും നാട്ടുകാരും നിരവധിതവണ പരാതി നൽകി. നഗരസഭ കെട്ടിടത്തിന് തൊട്ടുപിറകിലുള്ള റോഡായിട്ട് പോലും ഇതുവരെ പരിഹരിച്ചില്ല. വിക്ടോറിയ കോളേജ് ജങ്ഷൻ, ബിഒസി റോഡ്, കോർട്ട് റോഡ്, കെഎസ്ആർടിസി പരിസരം, വലിയങ്ങാടി എന്നിവിടങ്ങളിലും വൻകുഴികളാണ്‌. Read on deshabhimani.com

Related News