തീർഥാടകരുടെ ഒഴുക്ക്‌ തുടരുന്നു



  ശബരിമല മണ്ഡലകാല തീർഥാടനത്തിന്റെ ഭാഗമായി തീർഥാടകരുടെ എണ്ണം കുറവില്ലാതെ തുടരുന്നു. രണ്ടു ദിവസമായി തീർഥാടകരുടെ എണ്ണത്തിലുണ്ടായ വർധന ശനിയാഴ്‌ചയും കുറവില്ലാതെ തുടരുന്നു. തിരക്ക്‌ വർധിച്ചെങ്കിലും സുഖദർശനം ഒരുക്കുന്നതിൽ ദേവസ്വം ബോർഡും സർക്കാരും വേണ്ടതെല്ലാം ചെയ്യുന്നുണ്ട്‌. ക്രമീകരണങ്ങളിൽ തൃപ്‌തരായാണ്‌ പതിനായിരങ്ങൾ ഓരോ ദിവസവും മലയിറങ്ങുന്നത്‌. പ്രതിദിന തീർഥാടകരുടെ എണ്ണം തൊണ്ണൂറായിരത്തിന്‌ അടുത്ത്‌ എത്തിയെങ്കിലും തിരക്കോ മറ്റ്‌ പ്രശ്‌നങ്ങളെ തീർഥാടകർക്ക്‌ അനുഭവിക്കേണ്ടി വരുന്നില്ല. വെള്ളിയാഴ്‌ച മാത്രം 87216  തീർഥാടകർ ശബരിമലയിൽ എത്തി. ഏറ്റവും കൂടുതൽ പേർ എത്തിയത്‌ വെള്ളിയാഴ്‌ചയാണ്‌. ശനിയാഴ്‌ചയും തീർഥാടക തിരക്ക്‌ കുറവില്ലാതെ തുടരുന്നു. ശനി വൈകിട്ട്‌ ആറ്‌ വരെ 60,528 പേർ ശബരിമലയിൽ എത്തി.  ഇതിൽ 8,931 പേർ സ്‌പോട്ട്‌ ബുക്കിങ്ങിലൂടെയാണ്‌ എത്തിയത്‌. മണ്ഡകാലം ആരംഭിച്ച്‌ എട്ട്‌ ദിവസം പിന്നിടുമ്പോൾ ആകെ എത്തിയ തീർഥാടകരുടെ എണ്ണം 5,98,841 ആയി. ഒരു ലക്ഷത്തിലധികം തീർഥാടകരാണ്‌ മുൻ വർഷത്തേക്കാൾ കൂടുതലായി ശബരിമലയിൽ എത്തിയത്‌. വെർച്വൽക്യൂ കാര്യക്ഷമമാക്കിയും ദിവസം 18 മണിക്കൂർ ദർശനം അനുവദിച്ചുമാണ്‌ സുഖദർശനം സർക്കാർ സാധ്യമാക്കിയത്‌. Read on deshabhimani.com

Related News